ന്യൂഡൽഹി: 29 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി സ്വദേശിക്ക് മോചനം. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷ അനുഭവിക്കുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
കേസിൽ ജോസഫിന് ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ ജയിലിൽ പാർപ്പിക്കുന്നത് ക്രൂരതയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജയിൽ വാസത്തിലൂടെ സ്വഭാവത്തിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ ഹരജിക്കാരന്‍റെ ജയിലിൽ തുടരുന്നത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് എസ്. രവീന്ദഭട്ട് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
1994ലാണ് ജോസഫിന് ജീവപര്യന്തം ശിക്ഷ വിധിച്ച സംഭവം നടന്നത്. തൃശൂരിൽവെച്ച് ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം റെയിൽ പാളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണ് കേസ്. ജോസഫിനെതിരായ ശിക്ഷ ഹൈകോടതി ശരിവെച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജോസഫ് നൽകി ഹരജി സുപ്രീംകോടതി ആദ്യം തള്ളിയിരുന്നു.
ഭരണഘടന പ്രകാരമുള്ള തന്‍റെ അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വീണ്ടും റിട്ട് ഹരജി നൽകി. തുടർന്ന് കേസിൽ സുപ്രീംകോടതി വാദം കേട്ടത്. 1958ലെ ജയിൽ നിയമപ്രകാരമാണ് തന്‍റെ ശിക്ഷാ കാലാവധി സംബന്ധിച്ച അന്തിമ തീരുമാനം പുറപ്പെടുവിക്കേണ്ടതെന്നാണ് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
2014ൽ കേരളം പുറത്തിറക്കിയ പുതിയ ജയിൽ നിയമപ്രകാരം ബലാത്സംഗം അടക്കം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ ജയിൽ മോചിതരാക്കണോ എന്ന കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാമെന്ന നിബന്ധന ഉണ്ടെന്ന വാദമാണ് കേരളത്തിന്‍റെ അഭിഭാഷകൻ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.