സവർണ സംവരണം ശരിവെച്ച സുപ്രീം കോടതി വിധി ഭരണഘടനാ തത്വങ്ങൾക്കെതിര് -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മുന്നാക്ക സംവരണം എന്ന പേരിൽ നടപ്പാക്കിയ സവർണ സംവരണം ശരിവെച്ച സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടന മുന്നോട്ട് വെച്ച സാമൂഹ്യ നീതി തത്വങ്ങൾക്കെതിരാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. അഞ്ചംഗ ബെഞ്ചിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം രണ്ട് പേർ എതിർ വിധി പറഞ്ഞതിനാൽ വിശാല ബെഞ്ചിലേക്ക് വിടണം. ചരിത്രപരമായ കാരണങ്ങളാൽ അധികാരത്തിൽ നിന്ന് പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധ്യത്തിന് വേണ്ടിയുള്ള ഭരണഘടനാ ടൂളായ സംവരണം ഇതോടെ സമ്പൂർണ്ണമായി അട്ടിമറിക്കപ്പെടുകയാണ്.

സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടനയെ മുൻനിർത്തി മുൻകാലങ്ങളിൽ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ചിട്ടുള്ള വിധികളെ വെല്ലുവിളിക്കുന്നതാണ് പുതിയ സവർണ സംവരണ വിധി. മണ്ഡൽ കമ്മീഷൻ ശുപാർശകളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളുമായി ബന്ധപ്പെട്ട് ഇന്ദിരാ സാഹ്നി കേസിലെ വിധിയുൾപ്പെടെ പല കേസുകളിലും സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക പിന്നോക്ക അവസ്ഥയാണ് എന്നത് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭരണകൂട അനുകൂല താല്പര്യങ്ങൾ മുൻനിർത്തിയാണ് സുപ്രീംകോടതി ഇപ്പോൾ സവർണ സംവരണ വിധി പറഞ്ഞിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദലിത്, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ലഭിക്കില്ല എന്നത് കൊണ്ട് തന്നെ ഇത് സവർണർക്ക് മാത്രമായി രുപപ്പെടുത്തിയതാണ്. നിലവിൽ തന്നെ ജനറൽ തസ്തികകളിൽ മെറിറ്റിൽ പോലും പിന്നാക്ക-ദലിത് വിഭാഗങ്ങൾക്ക് നിയമനം ലഭിക്കാത്ത വിധം മെറിറ്റ് അട്ടിമറി നടത്തപ്പെടുന്നു. അധികാര പങ്കാളിത്തത്തിൽ നിന്ന് പിന്നാക്ക സമുദായങ്ങളെ പുറംതള്ളാനുള്ള സവർണാധിപത്യ ശക്തികളുടെ ഗൂഢാലോചനയാണ് ഇപ്പോൾ വിജയിച്ച് നിൽക്കുന്നത്. രാഷ്ട്രീയ സംവരണം അടക്കം കൂടുതൽ കൃത്യതയുള്ള ഡിമാന്റുകളുമായി പിന്നാക്ക വിഭാഗങ്ങളും ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരും ശക്തമായ പ്രക്ഷോഭങ്ങൾ രൂപപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Supreme Court judgment upholding caste reservation against constitutional principles - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.