പെരിന്തൽമണ്ണ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹരജി പിൻവലിച്ചു

ന്യൂഡൽഹി: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എൽ.എ സുപ്രീം കോടതിയിൽ നൽകിയ ഹരജി പിൻവലിച്ചു. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതോടെ ഹരജി പിൻവലിക്കുകയാണെന്ന് നജീബ് കാന്തപുരത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അറിയിക്കുകയായിരുന്നു. എതിര്‍ സ്ഥാനാർഥി കെ.പി.എം മുസ്തഫയുടെ ഹരജി നിലനില്‍ക്കുമെന്ന ഹൈകോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

ഇതോടെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈകോടതിയില്‍ വിചാരണ തുടരാനാവും. തെരഞ്ഞെടുപ്പില്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം മുസ്തഫ ഹരജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖ ലംഘിച്ചാണ് വോട്ടെണ്ണല്‍ നടന്നതെന്നാണ് ഹരജിയിലെ ആരോപണം. കെ.പി.എം മുസ്തഫക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി.യു സിങ്ങും അഭിഭാഷകരായ ഇ.എം.എസ് അനാമും എം.എസ് വിഷ്ണു ശങ്കറും ഹാജരായി.

നജീബ്​ കാന്തപുരത്തിനെതിരെ എതിർ സ്ഥാനാർഥി കെ.പി.എം മുസ്തഫ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് നേരത്തെ ഹൈകോടതി വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്ന ഹരജിക്കെതിരെ നജീബ് കാന്തപുരം നൽകിയ തടസ്സവാദം അന്ന് ഹൈകോടതി തള്ളുകയും ചെയ്തിരുന്നു. തപാൽ വോട്ടുകൾ എണ്ണിയിട്ടില്ലെന്ന മുസ്തഫയുടെ ആരോപണത്തിൽ വിശദ പരിശോധന ആവശ്യമാണെന്നും തെരഞ്ഞെടുപ്പ്​ ഹരജിയിൽ വിചാരണ വേണ്ടതു​​ണ്ടെന്നും ​വ്യക്തമാക്കിയായിരുന്നു അന്ന് ഹൈകോടതി​ ഉത്തരവിറക്കിയത്​. ഈ ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീം കോടതിയെ സമീപിച്ചത്.

Tags:    
News Summary - Supreme Court not to interfere in election case of Perinthalmanna constituency; Najeeb Kanthapuram withdrew the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT