ന്യൂഡല്‍ഹി : എസ്.എന്‍.സി ലാവ്ലിന് കേസിൽ സി.ബി.ഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. മതിയായ രേഖകൾ കൃത്യമായി സമ൪പ്പിച്ചില്ലെങ്കിൽ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയ കേസിലെ വിധികൾ പരിശോധിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് കോടതി സി.ബി.ഐക്ക് മുന്നറിയിപ്പ് നൽകി. രണ്ട് കോടതികൾ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും രണ്ടിൽ നിന്നും സമാന വിധി വന്ന കേസിൽ ഇടപെടണമെങ്കിൽ വ്യക്തമായ രേഖകൾ സമർപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൂടുതൽ രേഖകൾ സമ൪പ്പിക്കാനുണ്ടെന്ന സി.ബി.ഐ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 16ലേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് യു യു. ലളിതിൻെറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള മൂന്നു പ്രതികളെ കുറ്റവിമുക്തനാക്കിയ ഹൈകോടതി നടപടി തെറ്റാണെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.വിചാരണ കോടതിയും ഹൈക്കോടതിയും മൂന്നു പ്രതികളെയും വെറുതെ വിട്ടതല്ലേയെന്ന് ആരാഞ്ഞ സുപ്രീംകോടതി കേസില്‍ ഇടപെടുന്നതിന് ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടി വരുമെന്ന് സി.ബി.ഐയോട് നിര്‍ദേശിച്ചു.
നിലവിലുള്ള ആവശ്യത്തിനുള്ള രേഖകൾ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ ബോധ്യമുണ്ടെന്നും വിഷയത്തില്‍ വിശദമായ കുറിപ്പ് തറാക്കിയിട്ടുണ്ടെന്നും രേഖകൾ ഒന്നിച്ചാക്കണമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. രേഖകൾ സമര്‍പ്പിക്കാന്‍ സി.ബി.ഐ അനുമതി തേടി. ഇതിന് അനുവദിച്ച സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 16 ലേക്ക് മാറ്റുകയായിരുന്നു.
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈകോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്. അതേസമയം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈകോടതി വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.