സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര; വരാഹി പി.ആർ ഏജൻസി ജീവനക്കാരൻ്റെ മൊഴിയെടുക്കാൻ പൊലീസ്

തൃശൂർ: തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര അന്വേഷിക്കാൻ പൊലീസ്. വരാഹി പി.ആർ ഏജൻസിയിലെ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തും. വരാഹി ഏജൻസി കോഡിനേറ്റർ അഭിജിത്തിനെ മൊഴിയാണ് തൃശൂർ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തുക.

അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നത്. സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത് അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ നേരത്തെ മൊഴിനൽകിയിരുന്നു.

സി.പി.ഐ നേതാവിൻ്റെ പരാതിയിലാണ് പൂര നഗരിയിൽ ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുള്ള ആംബുലൻസ് മനുഷ്യന് ജീവഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ ജനത്തിരക്കിനിടയിലേക്ക് ഓടിച്ച് കയറ്റിയെന്നാണ് കേസ്.

അടിയന്തര ആവശ്യങ്ങൾക്കും രോഗികൾക്കും യാത്ര ചെയ്യേണ്ട വാഹനമാണ് ആംബുലൻസ്. എന്നാൽ, സുരേഷ് ഗോപി വാഹനം ദുരുപയോഗം ചെയ്തു. ഇതിന് പുറമെ പൂര സമയത്ത് ആംബുലൻസുകൾക്കെല്ലാം പോകാൻ കൃത്യമായ റൂട്ട് മുൻകൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു. മന്ത്രിമാർക്ക് പോലും പൂര നഗരിയിലേക്ക് എത്താൻ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇതെല്ലം ലംഘിച്ചാണ് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതെന്നും മനുഷ്യൻ്റെ ജീവന് ഭീഷണിയാവുന്ന തരത്തിൽ വാഹനമോടിച്ചെന്നുമാണ് പരാതിയിലുള്ളത്.

Tags:    
News Summary - Suresh Gopi Ambulance Journey; Police to take statement of Varahi PR agency employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.