ആലപ്പുഴ: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ (സി.എം.ആർ.എൽ) കമ്പനിക്കെതിരായ മിച്ചഭൂമി കേസിൽ നടപടിയെടുക്കാതെ താലൂക്ക് ലാൻഡ് ബോർഡ്. കരിമണൽ ഖനനം ലക്ഷ്യമിട്ട് കമ്പനി 2001ലാണ് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ വില്ലേജുകളിലായി 50 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയത്. ഭൂ പരിഷ്കരണ നിയമ പ്രകാരമുള്ള 15 ഏക്കർ എന്ന പരിധിയിൽ കവിഞ്ഞ് ഭൂമി സ്വന്തമാക്കിയതിനാലാണ് മിച്ചഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. ഫയൽ ദീർഘനാളായി അമ്പലപ്പുഴ താലൂക്ക് ലാൻഡ് ബോർഡിന്റെ പക്കലാണ്. ലാൻഡ് ബോർഡ് നടപടികളൊന്നും എടുത്തിട്ടില്ല.
ഡെപ്യൂട്ടി കലക്ടർമാർക്കാണ് ലാൻഡ് ബോർഡിന്റെ ചുമതല. ഭരണപക്ഷ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ് ലാൻഡ് ബോർഡ് അംഗങ്ങൾ. ഒമ്പത് മിച്ചഭൂമി കേസുകൾ മാത്രമാണ് അമ്പലപ്പുഴ താലൂക്ക് ലാൻഡ് ബോഡിന്റെ പരിഗണനയിലുള്ളത്. ഇവ ഒന്നുംതന്നെ ലാൻഡ് ബോർഡ് പരിഗണിക്കുന്നില്ല. ലാൻഡ് ബോർഡ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഭൂമി ഏറ്റെടുത്താൽ അത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് നിയമം. അപ്പോൾ ഖനനത്തിന് വിട്ടുനൽകുന്നതിന് തടസ്സമാകും.
സ്വകാര്യ മേഖലക്കും കരിമണൽ ഖനനത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.എം.ആർ.എൽ, തമിഴ്നാട്ടിലെ വി.വി മിനറൽസ് കമ്പനികൾ തീരദേശത്ത് ഭൂമി വാങ്ങിയത്. വി.വി മിനറൽസ് ആറാട്ടുപുഴ വില്ലേജിൽ 11 ഏക്കർ ഭൂമിയാണ് വാങ്ങിയത്. ഇത് ഭൂപരിധി കവിയാത്തതിനാൽ അവർക്കെതിരെ നടപടിയെടുത്തിട്ടില്ല. സി.എം.ആർ.എൽ കരിമണൽ ഖനനത്തിനായി തീരദേശത്തും മണൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് തീരദേശത്തുനിന്ന് മാറി തോട്ടപ്പള്ളിയിലെ ലക്ഷ്മി തോപ്പിലും ഭൂമി വാങ്ങി.
സ്വകാര്യമേഖലക്ക് ഖനനം നടത്താൻ കേന്ദ്ര സർക്കാർ അനുവാദം നൽകാതിരുന്നതോടെ കമ്പനിയുടെ പദ്ധതി പാളി. അതോടെ ഭൂമി സർക്കാറിന് വിട്ടുനൽകാൻ കമ്പനി നീക്കം നടത്തിയിരുന്നു. സർക്കാർ ഏറ്റെടുത്ത് ഐ.ആർ.ഇ, കെ.എം.എം.എൽ കമ്പനികൾക്ക് പാട്ടത്തിന് നൽകിക്കാനും അവരെക്കൊണ്ട് ഖനനം നടത്തിക്കാനുമാണ് കമ്പനി ലക്ഷ്യമിട്ടതെന്ന് കരിമണൽ വിരുദ്ധ സമരസമിതി ആരോപിക്കുന്നു. ഈ ഭൂമി സംബന്ധിച്ച ഫയൽ അഞ്ചുവർഷമായി മുഖ്യമന്ത്രിക്ക് മുന്നിലാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.