കുമളി: പെരിയാർ കടുവ സങ്കേതത്തിൽ ഉഭയ ജീവികളുടെയും ഉരഗങ്ങളുടെയും ആദ്യഘട്ട സർവേ പൂർത്തിയായി. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും സർവേ പലത് നടന്നിട്ടുണ്ടെങ്കിലും ഇത്തരം ജീവികളുടെ സർവേ ആദ്യമാണ്. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും (പി.ടി.സി.എഫ്) പെരിയാർ കടുവ സങ്കേതവും സംയുക്തമായി നടത്തിയ സർവേയിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി 120ഒാളം പേരാണ് പെങ്കടുത്തത്. കൂട്, ടി.എൻ.എച്ച്.എസ്, എം.എൻ.എച്ച്.എസ്, വിങ്സ് ഓഫ് നേച്ചർ (വൺ) തുടങ്ങിയ സന്നദ്ധ സംഘടനകളിൽനിന്നുള്ളവരും കെ.എഫ്.ആർ.ഐ, സെൻറർ ഫോർ വെൽഡ് ലൈഫ് സ്റ്റഡീസ് പൂക്കോട് (സി.ഡബ്ല്യു.എസ്) എന്നീ സ്ഥാപനങ്ങളിൽനിന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥരും നാച്വറലിസ്റ്റുകളും അടക്കമുള്ളവരാണ് സർവേയിൽ പെങ്കടുത്തത്.
പെരിയാറിലെ വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ 21 ഇടങ്ങളിലായി പകലും രാത്രിയും ഒരേ സമയം നാലുപേരടങ്ങുന്ന ടീമുകളായി നടത്തിയ സർവേയിൽ 62 ഇനം ഉഭയജീവികളെയും 63 ഉരഗങ്ങളെയും കണ്ടെത്തി.
ലോക ഉഭയജീവി ഭൂപടത്തിൽ ഇന്ത്യക്ക് ഏറെ പ്രാധാന്യം നൽകുന്ന ജീവിച്ചിരിക്കുന്ന ഫോസിൽ എന്ന് വിശേഷണമുള്ള പാതാളത്തവളയുടെ വൻ ആവാസവ്യവസ്ഥ (Purple Frog-Nasikabatrachus sahyadrensis), ഐ.യു.സി.എൻ ചുവപ്പുപട്ടികയിൽ വംശനാശഭീഷണി നേരിടുന്ന (Critically Endangered) വിഭാഗത്തിൽ ഉള്ളതും മലമുകളിലെ അരുവികളിൽ കാണുന്ന പച്ചച്ചോല മരത്തവള (Star-eyed Tree Frog), വലിയ ചോലമരത്തവള (Large Ghat Tree Frog),13 മില്ലിമീറ്ററോളം വലുപ്പം വരുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ തവളകളിലൊന്നായ ആനമല രാത്തവള (Anamala Night Frog), അടുത്തിടെ കണ്ടെത്തിയ മഞ്ഞക്കണ്ണി ഈറ്റത്തവള (Yellow-eyed Bush Frog) തുടങ്ങി 16 ഇനം തവളകളെ മുൻകാലങ്ങളിൽ നടന്ന ചുരുക്കം ചില പഠനങ്ങളിൽനിന്ന് അധികമായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ 151 ഇനം ഉഭയജീവികൾ ഉള്ളതിൽ 62ഉം പെരിയാറിൽ കാണപ്പെട്ടു.
ഐ.യു.സി.എൻ ചുവപ്പുപട്ടികയിൽ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള കരയാമകളിൽ വളരെ അപൂർവവും വെൽഡ് ലൈഫ് ഷെഡ്യൂൾ ഒന്നിലുമുള്ള ചൂരലാമ (Cochin Cane Turtile), ആനമല മലനിരകളിൽ മാത്രം കാണുന്ന ആനമലയോന്ത് (Anamali Salea), നീല വാലൻ അരണ (Blue-tailed Skink), അപൂർവമായ തെക്കൻ ചുരുട്ട (Travancore Kukri), ചോല മണ്ഡലി (Malabar pit Viper) തുടങ്ങി 63 ഇനങ്ങളെയാണ് ഉരഗവിഭാഗത്തിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.