തിരുവനന്തപുരം: സൂര്യഗായത്രിയെ കുത്തി വീഴ്ത്തിയ പ്രതി അവിടെനിന്ന് ഇറങ്ങി ഓടി അയല്‍വീട്ടിലെ ടെറസില്‍ ഒളിച്ചപ്പോള്‍ താനും സുഭാഷും ജോണിയും കൂടിയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതെന്ന് സാക്ഷിയായ വിഷ്ണു കോടതിയില്‍ മൊഴി നല്കി. കൊല്ലപ്പെട്ട നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രിയുടെ അയല്‍വാസിയാണ് വിഷ്ണു. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണു മുമ്പാകെയായിരുന്നു സാക്ഷിയുടെ മൊഴി.
സൂര്യഗായത്രിയുടെ പിതാവിന്റെ നിലവിളി കേട്ടാണ് തങ്ങള്‍ ഓടി എത്തിയതെന്നും വീട്ടില്‍ കയറി നോക്കുമ്പോള്‍ സൂര്യഗായത്രിയും ചലനശേഷിയില്ലാത്ത അമ്മയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെന്നും സാക്ഷി മൊഴി നല്കി. സമീപത്ത് ഒരു കത്തി കിടക്കുന്നതും കണ്ടു. സൂര്യഗായത്രിയെ കുത്തിയ ശേഷം പ്രതി ഓടിയെന്ന് പറഞ്ഞ് കേട്ട ഭാഗത്തേക്ക് ചെന്നപ്പോഴാണ് സമീപത്തെ ടെറസിന് മുകളില്‍ പ്രതി പതുങ്ങി ഇരിക്കുന്നത് കണ്ടത്. പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ച ശേഷം സൂര്യഗായത്രിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി ആരാണ് കുത്തിയതെന്ന് ചോദിച്ചപ്പോള്‍ പേയാട് സ്വദേശി അരുണാണെന്നും അയാളെ വിവാഹം കഴിക്കാത്തത് കൊണ്ടാണ് കുത്തിയതെന്നും സൂര്യഗായത്രി പറഞ്ഞതായി സാക്ഷി കോടതിയെ അറിയിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ സൂര്യഗായത്രിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ബന്ധുവായ ചന്ദ്രബാബു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽപസമയം കഴിഞ്ഞ് പ്രതി അരുണിനെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നു. അവിടെ െവച്ച് എന്തിനാണ് സൂര്യയെ കുത്തിയതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് കല്യാണം കഴിച്ച് തരാത്ത് കൊണ്ടാണ് കുത്തിയതെന്ന് അരുണ്‍ തന്നോട് പറഞ്ഞെന്നും സാക്ഷി മൊഴി നല്കി. 2021 ആഗസ്റ്റ് 31 നാണ് സൂര്യഗായത്രി കൊല്ലപ്പെട്ടത്. ലോട്ടറി വില്പനക്കാരും ഭിന്നശേഷിക്കാരുമായ മാതാപിതാക്കളുടെ ഏക മകളാണ് സൂര്യഗായത്രി. ക്രിമിനല്‍ പശ്ചാത്തലമുള്ള അരുണിന് സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കിയില്ലെന്ന് ആരോപിച്ചാണ് 33 കുത്ത് കുത്തി കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്, വിനുമുരളി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.