കാഞ്ഞങ്ങാട്: നിരവധി കവർച്ച കേസുകളിലെ പ്രതിയെ കാഞ്ഞങ്ങാട് നിന്ന് കണ്ണൂർ പൊലീസ് പിടികൂടി. പൊലീസിനെ കണ്ട് റെയിൽ പാളത്തിലൂടെ ഓടിയ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പട്ടാപ്പകൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 19 പവന്റെ ആഭരണങ്ങൾ കവർന്ന കേസിലാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡൻ വളപ്പിൽ പി.എച്ച്. ആഷിഫിനെ (23) കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഞായറാഴ്ച രാവിലെ 10.30ന് പള്ളിക്കുന്ന് പന്നേൻ പാറയിലെ വീടുപൂട്ടി കല്യാണത്തിന് പോയ അമ്പാടി ഹൗസിൽ ജയാനന്ദന്റെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് അറസ്റ്റ്. നിരീക്ഷണ കാമറ ദൃശ്യങ്ങളിലൂടെയും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.
പൂട്ടിയിട്ട് വീടുകളിൽ പട്ടാപ്പകൽ കവർച്ച നടത്തുന്ന പ്രതി കവർച്ച മുതലുകളുമായി തീവണ്ടി മാർഗം രക്ഷപ്പെടുകയാണ് പതിവ്. ശനിയാഴ്ച വളപട്ടണത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും ആഷിഫ് ആണെന്ന് പൊലസ് സംശയിക്കുന്നു. പയ്യന്നൂർ ടൗണിലെ വ്യാപാരിയുടെ കേളോത്തെ വീട്ടിലും കാലിക്കടവ് ഏച്ചിക്കൊവ്വലിലും ചീമേനി, നീലേശ്വരം, ഹോസ്ദുർഗ്, കാസർകോട്, പഴയങ്ങാടി, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലുമായി 12ഓളം കവർച്ചകേസുകൾ നിലവിലുണ്ട്.
മോഷണക്കേസുകളിൽ പ്രതിയായ ആഷിഫ് ആറുമാസത്തെ കാപ്പ തടവിനു ശേഷം പുറത്തിറങ്ങി വീണ്ടും കവർച്ച നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.