സുൽത്താൻ ബത്തേരി: ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർഥിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനുവിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. ജാനുവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും സംസ്ഥാന സെക്രട്ടറി പ്രകാശൻ മോറാഴ അറിയിച്ചു.
15,198 വോട്ടുകളാണ് ഇത്തവണ ജാനുവിന് ലഭിച്ചത്. 2016നെ അപേക്ഷിച്ച് 12,722 വോട്ടുകൾ കുറഞ്ഞു. ബി.ജെ.പി നേതാക്കളുമായി ചേർന്ന് ജാനു വോട്ടുകച്ചവടവും സാമ്പത്തിക തിരിമറിയും നടത്തിയെന്ന ആരോപണമാണ് ജെ.ആർ.പി സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്നത്.
അതേസമയം പാർട്ടി നടപടിക്കെതിരെ ജാനു ശക്തമായി രംഗത്തെത്തി. തനിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സെക്രട്ടറിയെന്ന് പറയുന്നയാൾക്ക് ഒരു അധികാരവുമില്ലെന്ന് ജാനു പ്രതികരിച്ചു. പാർട്ടിക്ക് രജിസ്ട്രേഷൻ പോലുമില്ല. ആർക്കും പാർട്ടിയിൽ അംഗത്വം കൊടുത്തിട്ടില്ല. രാഷ്ട്രീയ മേഖലയിൽ ഇടപെടുന്നവരുടെ ഒരു കൂട്ടായ്മ മാത്രമാണ് ജെ.ആർ.പി. അതിനാൽ ആർക്കും ആരെയും പുറത്താക്കാനാവില്ല. തനിക്കെതിരെ സാമ്പത്തിക ആരോപണമുന്നയിക്കുന്നവർ വ്യക്തിഹത്യ ചെയ്യുകയാണ്.
രണ്ടുവർഷം മുമ്പ് വാങ്ങിയ കാറിെൻറ അടവുപോലും കൃത്യമായി അടക്കാനാവാതെ ബുദ്ധിമുട്ടുകയാണ് താൻ- ജാനു പറഞ്ഞു. ലോക്ഡൗൺ കഴിയുന്ന ഉടൻ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കുമെന്നും അവർ വ്യക്തമാക്കി. ഗോത്രമഹാസഭ വിട്ടാണ് ജാനു ജെ.ആർ.പി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.