ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ ചോർന്നു; ഐ.ജി പി. വിജയന് സസ്പെൻഷൻ

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ വിവരവും ചിത്രവും പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിൽ ഐ.ജി പി. വിജയനെ അന്വേഷണ വിധേ‍യമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി.

ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളുടെ തീപ്പൊള്ളലേറ്റ ചിത്രവും മറ്റും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമല്ലാതിരുന്നിട്ടും ഷാറൂഖ് സെയ്‌ഫിയെ മുംബൈയിൽനിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയനും ഗ്രേഡ് എസ്.ഐ മനോജ് കുമാറും ബന്ധപ്പെട്ടിരുന്നതായി എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു. രഹസ്യമായി എത്തിക്കേണ്ട പ്രതിയുടെ വിവരങ്ങൾ ചോർന്നത് സുരക്ഷാ വീഴ്ചയാണ്. സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട പൊലീസിന്‍റെ അന്വേഷണ വിഭാഗമാണ് തീവ്രവാദവിരുദ്ധ സ്ക്വാഡ്.

അതിലെ ഉദ്യോഗസ്ഥരെക്കുറിച്ചുതന്നെ എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നതിനാൽ അന്വേഷണവിധേയമായി പി. വിജയനെ സർവിസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിടുകയായിരുന്നു. റിപ്പോർട്ടിന്മേലുള്ള തുടരന്വേഷണം എ.ഡി.ജി.പി പത്മകുമാർ നടത്തും. ഷാറൂഖ് സെയ്‌ഫിയുടെ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കേരള പൊലീസിന്‍റെ തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന പി. വിജയനെ കഴിഞ്ഞമാസം തൽസ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. അതേസമയം സസ്പെൻഷന് പിന്നിൽ പൊലീസിലെ ആഭ്യന്തര തർക്കമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags:    
News Summary - Suspension for IG P. Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.