ആലുവ: മൊഫിയക്ക് നീതി തേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദബന്ധം ആരോപിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റിപ്പോർട്ട് തയാറാക്കിയ എസ്.ഐ വിനോദ് കുമാർ, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡി.ഐ.ജിയുടെ കാർ ആക്രമിച്ചെന്ന കേസിലാണ് കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻറ് അൽഅമീൻ അഷ്റഫ്, കോൺഗ്രസ് നേതാക്കളായ നജീബ്, അനസ് എന്നിവരുടെ തീവ്രവാദബന്ധം അന്വേഷിക്കുന്നതിനടക്കം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടത്. ഈ ആരോപണം കോടതിയിൽ പൊലീസിന് വിനയായിരുന്നു.
പൊതുപ്രവർത്തകർക്കെതിരെ ബോധപൂർവ്വം തീവ്രവാദബന്ധം ആരോപിച്ചതാണെന്ന് യൂത്ത് കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വൈ. ടോമി വാദിച്ചു. ഇതേ സംഭവത്തിൽ ജാമ്യമില്ലാത്ത മൂന്ന് കേസുകൾ ഉണ്ടെങ്കിലും ഈ കേസിൽ മാത്രമാണ് പൊലീസ് തീവ്രവാദബന്ധം ആരോപിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മൂന്ന് കേസിലെയും എഫ്.ഐ.ആർ പരിശോധിച്ച ശേഷം മജിസ്ട്രേറ്റ് യൂത്ത് കോൺഗ്രസ് നേതാക്കളെ 63,700 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.
പൊലീസ് നിലപാടിനെതിരെ അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പരാതി ഡി.ജി.പിക്ക് കൈമാറി. തുടർന്നാണ് നടപടിയുണ്ടായത്. നേതാക്കളെ അർധരാത്രി വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും എം.എൽ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.