പാലക്കാട്/ആമ്പല്ലൂർ: പെരുമാറ്റദൂഷ്യത്തിന് സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സി.ഐ ആയിരുന്ന പത്തനംതിട്ട സ്വദേശി പി.എം. ലിബിയാണ് പാലിയേക്കര ടോൾ പ്ലാസയിൽ കാറിനുള്ളിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന പുതുക്കാട് പൊലീസ് ഇൻസ്പെക്ടറും സംഘവും ലിബിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനാക്ഷിപുരം സ്റ്റേഷൻ ഓഫിസറായി ജോലി ചെയ്യവേ ഫെബ്രുവരി 20ന് 57കാരനോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് മേഖല പൊലീസ് ഇൻസ്പെക്ടർ ജനറൽ വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയതോടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച ലിബി സംഭവത്തിൽ താൻ നിരപരാധിയാണെന്നും ജീവനൊടുക്കുമെന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം വീട്ടിൽനിന്ന് കാറിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു. ഇയാൾ മാനസിക സമ്മർദത്തിലാണെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. പാലക്കാട് ജില്ല പൊലീസ് അറിയിച്ചതിനെ തുടർന്ന് തൃശൂർ റൂറൽ പൊലീസ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ലിബിയെ പാലിയേക്കര ടോൾ പ്ലാസയിൽ തടഞ്ഞു.
ഏറെനേരം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാറിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച ലിബി ടോൾപ്ലാസയിലെ ട്രാക്കിൽ കാർ നിർത്തിയിട്ടു. കാറിന്റെ ഗ്ലാസുകൾ പൂർണമായി അടച്ച ശേഷം കന്നാസിൽ കരുതിയിരുന്ന പെട്രോൾ തലയിലൂടെ ഒഴിക്കുകയും തീകൊളുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം സജ്ജമായിരുന്ന അഗ്നിരക്ഷസേന പിന്നിലെ ഗ്ലാസ് തകർത്ത് കാറിനകത്തേക്ക് ശക്തിയായി വെള്ളം പമ്പ് ചെയ്തു. അതോടെ ലെയ്റ്റർ ഉപയോഗിച്ച് തീകൊളുത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. 20 ലിറ്റർ പെട്രോൾ കാറിനുള്ളിൽ കരുതിയിരുന്നതായി പൊലീസ് പറയുന്നു.
പരാതി പറയാൻ മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലെത്തിയ 57കാരനെ സി.ഐ താമസിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മോശമായി പെരുമാറിയെന്നാണ് ലിബിക്കെതിരായ ആക്ഷേപം. അതിനുശേഷം പലതവണ സി.ഐ ശല്യംചെയ്തുവെന്നും ഫോണിലും താമസസ്ഥലത്തും എത്തി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് 57കാരൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ലിബിയെ ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷൻ. യുവാക്കളിൽനിന്ന് പിടികൂടിയ എം.ഡി.എം.എയുടെ അളവ് കുറച്ച് കാണിച്ചെന്ന ആരോപണത്തിലും ലിബിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.