കരുനാഗപ്പള്ളി: 'അയല്‍ക്കാരാണ് ഞങ്ങള്‍, പക്ഷേ മൂന്നുപേര്‍ക്കും സ്വന്തം ഭൂമിയില്ലായിരുന്നു'. നബീസാബീവി പറഞ്ഞുതുടങ്ങി. ഇരുപത് വര്‍ഷത്തിനുശേഷം സ്വന്തം ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അയല്‍ക്കാരായ മൂന്ന് സ്ത്രീകള്‍.
ഇനിയും അയല്‍ക്കാരായി തുടരാന്‍ കഴിഞ്ഞതിെൻറ സന്തോഷം മൂന്നുപേർക്കുമുണ്ട്. നബീസാബീവി, സജീല ഹമീദ് കുഞ്ഞ്, നിസാമണി എന്നിവരാണ് ഭൂമിയെന്ന സ്വപ്നവുമായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. മന്ത്രി ജെ. മേഴ്സികുട്ടിയമ്മ നേരിട്ടാണ് മൂവര്‍ക്കും പട്ടയം നല്‍കിയത്.
20 വര്‍ഷം മുമ്പാണ് അയണിവേലികുളങ്ങരയിലെ 11 പേര് സ്വന്തമായി ഭൂമി ലഭിക്കാനായി ശ്രമം തുടങ്ങിയത്. ഒരുവര്‍ഷം മുമ്പ് ജില്ലയില്‍ നടന്ന മറ്റൊരു അദാലത്തില്‍ എട്ട് പേര്‍ക്ക് പട്ടയം ലഭിച്ചെങ്കിലും മൂന്ന് പേര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാനായില്ല. ഇവര്‍ക്കാണ് കരുനാഗപ്പള്ളി അദാലത്തിലൂടെ പട്ടയം ലഭിച്ചത്.
നബീസാബീവിക്ക് 34 സെൻറും സജീല, നിസാമണി എന്നിവർക്ക് 13 സെൻറ് വീതവുമാണ് സ്വന്തമായത്. ഇവര്‍ക്കൊപ്പം കല്ലേലിഭാഗം സ്വദേശി നടരാജനും അദാലത്തിലൂടെ പട്ടയം ലഭിച്ചു.
കരുനാഗപ്പള്ളി: എല്ലുപൊടിയുന്ന അപൂര്‍വ രോഗത്തിെൻറ അവശതകളും കുടുംബത്തിലെ അരക്ഷിതാവസ്ഥകളുമായി മുഖ്യമന്ത്രിയുടെ സാന്ത്വനസ്പര്‍ശം അദാലത്തിനെത്തിയ തഴവ കിണറുവിള കിഴക്കേതില്‍ വീട്ടില്‍ സുബിലാലിെൻറ (35) ആകുലതകള്‍ക്ക് ജോലിയെന്ന ഉറപ്പ് ലഭിച്ചതോടെ അവസാനമായി.
വീൽചെയറിലാണ് സുബിലാല്‍ ജീവിതത്തോട് പൊരുതുന്നത്. അമ്മയുടെ ഒക്കത്തിരുന്ന് അദാലത്തിനെത്തിയ സുബിലാലിെൻറ അപേക്ഷയുടെ സാധ്യതകള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വൈകല്യത്തെ മറികടന്ന് പ്ലസ് ടുവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും സുബിലാല്‍ നേടിയിട്ടുണ്ട്.
കരുനാഗപ്പള്ളി: ഭിന്നശേഷിക്കാരും 40ഉം 45ഉം വയസ്സുകാരുമായ ലതയെയും സംഗീതയെയും ചേര്‍ത്തുപിടിച്ച് പന്മന പാലൂര് കിഴക്കതില്‍ രാജമ്മ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേെക്കത്തിയത് പ്രതീക്ഷയോടെയാണ്.
ഇരുവരെയും തങ്ങളുടെ ദാരിദ്ര്യത്തിലും ചേര്‍ത്തുപിടിച്ച ആത്മവിശ്വാസവും മാതാപിതാക്കള്‍ക്കുണ്ട്. കോവിഡ് കാലത്ത് പിതാവിെൻറ നിത്യവരുമാനം തികയാതെ വന്നപ്പോള്‍ അദാലത്തില്‍ ആശ്വാസം തേടിയെത്തുകയായിരുന്നു കുടുംബം. മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അടിയന്തര ധനസഹായമായി 50,000 രൂപ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.