ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. ബംഗളൂരു കൃഷ്ണരാജപുര പൊലീസാണ് കേസെടുത്തത്. സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജും ഇക്കാര്യം സ്ഥിരീകരിച്ചു. തന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായി സ്വപ്ന സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
വിജേഷ് പിള്ള താമസിച്ച ബംഗളൂരു വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ സ്വപ്നയെ എത്തിച്ച് തെളിവെടുത്തു. പിള്ളയോടൊപ്പം മറ്റൊരാളും ഹോട്ടലിൽ താമസിച്ചിരുന്ന വിവരം ഹോട്ടൽ അധികൃതർ പൊലീസിന് കൈമാറിയതായും പിന്നണിയിലെ ആ അജ്ഞാതൻ ആരാണെന്ന് തെളിയണമെന്നും സ്വപ്ന പറഞ്ഞു.
ബംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ വധഭീഷണി അടക്കം ഉണ്ടായെന്ന് കാണിച്ച് സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജ് മുഖേന കർണാടക ഡി.ജി.പിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇ.ഡി കഴിഞ്ഞദിവസം വിജേഷ് പിള്ളയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് വ്യാഴാഴ്ച ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ സ്വപ്ന സുരേഷ് നടത്തിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾ നിർത്തണമെന്നും ഇതിനായി 30 കോടി രൂപ നൽകാമെന്നും വാഗ്ദാനംചെയ്ത് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്നാണ് സ്വപ്ന പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരമായിരുന്നു ഇയാൾ എത്തിയത്.
വിജയ് പിള്ള എന്ന് സ്വയം പരിചയപ്പെടുത്തിയയാൾ മൂന്നു ദിവസം മുമ്പ് വിളിച്ചു. താൻ അഭിഭാഷകനാണെന്നും തന്റെ ചാനലായ ആക്ഷൻ ഒ.ടി.ടിക്ക് വേണ്ടി അഭിമുഖം നടത്താനായി കാണണമെന്നും പറഞ്ഞു. ഇതുപ്രകാരം ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള ഹോട്ടൽ ലോബിയിൽവെച്ചാണ് സംസാരിച്ചത്. കൂടെ സരിത്തുമുണ്ടായിരുന്നു. ആദ്യം ശാന്തനായി സംസാരിച്ച ഇയാൾ പിന്നീട് തന്റെ സാമ്പത്തിക സ്ഥിതി ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങൾ നിർത്തണമെന്നും ഇതിനായി 30 കോടി രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇത് അവസാനത്തെ ഒത്തുതീർപ്പ് ശ്രമമാണ്. വഴങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകും. ഒരാഴ്ച സമയം തരും. ഇതിനകം മക്കളുമായി ഹരിയാനയിലേക്കോ ജയ്പുരിലേക്കോ മാറണം. ജീവിക്കാന്‍ ഫ്ലാറ്റടക്കം എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താൽപര്യങ്ങൾക്കായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും തന്നെ ഉപയോഗിച്ചു. സ്വർണക്കടത്തിൽ പങ്കാളിയല്ലെങ്കിലും അങ്ങനെയാണ് താൻ അറിയപ്പെടുന്നത്. എല്ലാം തന്റെ മേലിൽ ചാർത്തി 15 മാസം ജയിലിലാക്കി. എന്റെ അഭിഭാഷകരെയെല്ലാം വിലക്കെടുത്തു.
ജയിലിൽ ഉദ്യോഗസ്ഥരടക്കം കെണിയിൽപെടുത്തി വിവിധ തരത്തിലുള്ള രേഖകളും തന്റെ ശബ്ദസന്ദേശങ്ങളും കൈവശപ്പെടുത്തി. ശിവശങ്കറിന്റെ യഥാർഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. ഇ.ഡി അന്വേഷണത്തിൽ വിശ്വാസമുണ്ട്. തന്നെ തീർത്തുകളയുമെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞതായി വിജയ് പറഞ്ഞു. ഫേസ്ബുക്കിൽ ലൈവ് വരും എന്ന് മലയാളത്തിൽ എഴുതിയത് തന്റെ മകളാണെന്നും തനിക്ക് മലയാളം എഴുതാൻ അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
ഒത്തുതീർപ്പ് ശ്രമങ്ങൾക്കായി വിജയ് പിള്ള വന്ന കാര്യമടക്കമുള്ള വിവരങ്ങൾ മെയിലായി തന്റെ അഭിഭാഷകൻ കൃഷ്ണരാജിന് നൽകിയിരുന്നു. അദ്ദേഹം ഇക്കാര്യങ്ങൾ ഉന്നയിച്ച് തന്റെ സുരക്ഷാകാര്യങ്ങൾ പറഞ്ഞ് കർണാടക ഡി.ജി.പിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും ഇതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.