തനിക്ക് രഹസ്യ അജണ്ടയില്ല, കൂടുതൽ കാര്യങ്ങൾ വേണ്ട സമയത്ത് പറയും; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് സ്വപ്ന

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. അത് വേണ്ട സമയത്ത് പറയും. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും സ്വപ്ന പറഞ്ഞു.

താൻ പറഞ്ഞ കാര്യങ്ങൾ സരിത നായർ അടക്കമുള്ളവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച് ജയിലിൽ ഉണ്ടായിരുന്നു. അവരോട് ഹലോയെന്ന് പോലും പറഞ്ഞിട്ടില്ലെന്നും അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന പറഞ്ഞു.

ജീവിക്കാൻ നിവൃത്തിയില്ലാത്തവർക്ക് മേലുദ്യോഗസ്ഥർ പറയുന്നത് അനുസരിക്കേണ്ടി വരും. ഇല്ലെങ്കിൽ വീട്ടിൽ മീൻ വാങ്ങാൻ സാധിക്കില്ല. മക്കളെ വളർത്താൻ സാധിക്കില്ല. ഇങ്ങനെ കഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. അവർക്ക് വേണ്ടിയാണ് താനിപ്പോൾ സംസാരിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് സ്ത്രീകളോ മറ്റ് വ്യക്തികളുടെ ഭാര്യയോ അമ്മയോ എല്ലാം സുഖമായി ജീവിക്കുന്നു. കമലയായാലും വീണയായാലും എല്ലാ സൗകര്യങ്ങളും അനുഭവിച്ച് തന്നെയാണ് ഇപ്പോഴും കഴിയുന്നത്. താൻ മാത്രമാണ് ബുദ്ധിമുട്ടിയതെന്നും സ്വപ്ന പറഞ്ഞു.

താൻ 16 മാസം ജയിൽ കിടന്നു. വീടും ഭക്ഷണവുമില്ലാതെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എല്ലാവരും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. ആരെ ഉപയോഗിച്ചും പൈസയുണ്ടാക്കിയ​ ശേഷം അവരെ വലിച്ചെറിയുന്ന നയം ശരിയല്ല. അപകടമുള്ള ജോലിയിൽ ഏർപ്പെടുന്നവരു​ടെ കുടുംബം അനുഭവിക്കുന്നതും ജോലി ഏൽപ്പിച്ചവർ അറിയണം. വെറുതെ കുറ്റം ചുമത്തി ജയിലിലടച്ച് പുറത്ത് വരുമ്പോൾ വീണ്ടും ദ്രോഹിക്കുന്നത് ശരിയല്ല. പലരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ലക്ഷങ്ങൾ ശമ്പളം വാങ്ങിയിരുന്ന കളിപ്പാവയായിരുന്നു താൻ. ഇനി അങ്ങനെ ആകാൻ ഉദ്ദേശമില്ല. അവർ എന്റെ ജീവിതം നശിപ്പിച്ചു.

ഏതെങ്കിലും കുടുംബത്തെ കുറിച്ചോ പാർട്ടിയെ കുറിച്ചോ അല്ല പിണറായി വിജയൻ, കമല, വീണ, എം. ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താൻ പറയുന്നത്. തന്‍റെ കേസിനെ കുറിച്ചും കേസിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്.

തന്‍റെ പ്രതികരണങ്ങൾ ആരുടെയെങ്കിലും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തനിക്കറിയേണ്ട കാര്യമില്ല. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എന്‍റെ വിഷയമല്ല. തനിക്ക് വ്യക്തിപരോ രാഷ്ട്രീയപരോ ആയ അജണ്ടയില്ലെന്നും സ്വപ്ന വ്യക്തമാക്കി. ഈ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പി.സി. ജോർജ് തന്നെ വിളിച്ചിരുന്നു. പി.സി. ജോർജിനെ നേരിട്ട് അറിയില്ല. ഒരാ​ളോട് ആത്മാർഥമായി സംസാരിക്കുമ്പോൾ അത് റെക്കോർഡ് ചെയ്യേണ്ട ആവശ്യമില്ല. ഇത്തരം റെക്കോർഡുകൾ പുറത്തുവിടുന്നുണ്ടെങ്കിൽ അതാണ് അജണ്ട. തന്റെ പ്രസ്താവനക്ക് പിന്നിൽ ഒരജണ്ടയും ഇല്ലെന്നും സ്വപ്ന പറഞ്ഞു. അദ്ദേഹത്തിന് എഴുതിക്കൊടുത്ത കാര്യം കൈയിലുണ്ടെങ്കിൽ പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞു

മുഖ്യമന്ത്രിയുടെ ബാഗിൽ പണം കൊണ്ടുവന്നതും ബിരിയാണി പാത്രങ്ങൾ കൊണ്ടുവന്നതുമെല്ലാം ഉള്ളതാണ്. മുഖ്യമന്ത്രിയുടെ രാജി തന്റെ ആവശ്യമല്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ സമ്പാദ്യം തന്റെ ​വീട്ടിലേക്കല്ല കൊണ്ടു വരുന്നതെന്നും സ്വപ്ന പറഞ്ഞു.

നാലു കേസുകൾ തനിക്കെതിരെയുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പല തവണ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. എന്നാൽ കേസ് എവിടെയും എത്തുന്നില്ല. അതിനാലാണ് 164 പ്രകാരം രഹസ്യ മൊഴി നൽകിയത്.

തനിക്ക് ഭീഷണിയുണ്ട്. ജയിലിൽ തനിക്ക് കാര്യങ്ങൾ പുറത്തറിയിക്കാനുള്ള അവകാശം പോലും നിഷേധിച്ചു. ജയിലിൽ തന്നെ മാനസികമായി പീഡിപ്പിച്ചു. ജയിൽഡേയുടെ വേദിയിൽ അജയ കുമാർ എന്ന ജയിൽ ഡി.ഐ.ജി വേദിയിൽ ഇരുന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ഏതറ്റംവരെ പോയാലും ശരിയാക്കിക്കളയുമെന്ന് ഭീഷണിപ്പെടുത്തി.

വിയ്യൂർ ജയിലിൽ മാനസിക പീഡനം കാരണം ഹൃദയാഘാതം വന്നത് നാടകമാക്കി മാറ്റി. അട്ടക്കുളങ്ങര ജയിൽ നിന്ന് ഇടക്കിടെ അപസ്മാരം ഉണ്ടായി. ഇതെല്ലാം ജയിലിലെ പീഡനം മൂലമാണ്. ഡി.ഐ.ജി അജയകുമാർ എഴുതിക്കൊടുക്കാൻ പറയുന്നതു പോലെ താൻ എഴുതി കൊടുക്കാത്തതുകൊണ്ടുള്ള പീഡനമാണ്. താൻ പുറത്തിറങ്ങിയാൽ ഇവർ എന്തെല്ലാം ചെയ്യും.

തനിക്കോ തന്റെ കുടുംബാഗങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത്തരം കാര്യങ്ങൾ പറയാൻ തനിക്ക് ധൈര്യമുണ്ടാകില്ല. അതിനാലാണ് ഇക്കാര്യങ്ങളെല്ലാം തെളിവ് സഹിതം കോടതിക്ക് മുമ്പാകെ പറഞ്ഞത്.

മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് ശിവശങ്കരൻ എഴുതിയ പുസ്തകം തന്നെ വേദനിപ്പിച്ചതിനാലാണ്. ഇപ്പോൾ 164 സ്റ്റേറ്റ്മെന്റ് കൊടുത്തു. കേസ് സംബന്ധിച്ച കാര്യമായതിനാൽ അത് പറയുന്നതിന് വേണ്ടിയാണ് വന്നത്. പറഞ്ഞ് തീർന്നിട്ടില്ല. ഇനിയും ഒരുപാട് കാര്യമുണ്ട്. കോടതിക്ക് മുന്നിലുള്ള കേസായതിനാൽ തുറന്നു പറയുന്നതിൽ കോടതി വിലക്കുണ്ട്.

തന്നെ തീവ്രവാദ കുറ്റം ചുമത്തി ജയിലിലിട്ടു. അത് വലിയൊരു കുറ്റമാണ്. രാജ്യത്തിനെതിരായ കുറ്റമാണ്. അന്ന് എന്താണ് അന്വേഷണം നടത്താതിരുന്നത്. ഒന്നും പുകമറക്ക് പിന്നിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല. എല്ലാം വിളിച്ച് പറയാൻ ആഗ്രഹമുണ്ട്. എന്നാൽ കോടതി അനുവാദം തന്നാൽ എല്ലാം പറയും. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും സ്വപ്ന പറഞ്ഞു.

Tags:    
News Summary - Swapna Suresh repeats allegations against CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.