'മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ പോകുന്നത് അമേരിക്കയിലേക്ക്' -സ്വപ്‌ന സുരേഷ്

പാലക്കാട്: സർക്കാറിനെയും സി.പി.എമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കി, ഷാജ് കിരണുമായി നടത്തിയതെന്നുപറയുന്ന രഹസ്യ ചർച്ചയുടെ ശബ്ദരേഖകൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ബിനാമിയാണ് ഷാജ് കിരണെന്നും സ്വപ്ന ആരോപിച്ചു. പിണറായിയുടെയും കോടിയേരിയുടെയും പണം യു.എസിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണെന്ന് ഷാജ് കിരൺ പറയുന്നതായാണ് ശബ്ദരേഖ.

ഇതേത്തുടർന്നാണ് ബിലീവേഴ്സ് ചർച്ചിന്‍റെ എഫ്.സി.ആർ.എ (വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി )റദ്ദായതെന്ന് സ്വപ്ന പറയുന്നു. ഷാജ് കിരൺ ഡയറക്ടറായിട്ടുള്ള അഞ്ച് കമ്പനികളെ സംബന്ധിച്ച രേഖകളും സ്വപ്ന സുരേഷ് മാധ്യമങ്ങൾക്ക് കൈമാറി.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ സമീപിച്ചപ്പോഴും ഫോണിൽ ബന്ധപ്പെട്ടപ്പോഴും റെക്കോഡ് ചെയ്തവയാണ് ശബ്ദസന്ദേശങ്ങളെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ആരോടാണ് കളിക്കുന്നതെന്ന് അറിയാമോയെന്നും മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ലെന്നും ഷാജ് കിരൺ പറയുന്നത് ശബ്ദരേഖയിലുണ്ട്.

'സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാനാണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്തുപോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്‍റെ നേട്ടം?- ഷാജ് കിരൺ ചോദിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ വീണ്ടും തടവറയിലാക്കുമെന്നും മകനെ കാണാൻ കഴിയാതെയാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു.

പാലക്കാട് എച്ച്.ആർ.ഡി.എസ് ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടത്. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞതിന്‍റെ പിറ്റേദിവസമാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഷാജ് കിരണിനെ തന്ത്രപൂർവം വിളിച്ച് പാലക്കാട്ടെത്തിക്കുകയായിരുന്നു. വാടക ഗർഭധാരണത്തിന് തയാറായത് പണത്തിനുവേണ്ടി ആയിരുന്നില്ലെന്നും മനസ്സലിഞ്ഞിട്ടാണെന്നും സ്വപ്ന പറഞ്ഞു.

Tags:    
News Summary - Swapna Suresh revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.