കൊച്ചി: കസ്റ്റഡിയിൽ കഴിയുന്ന തെൻറ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. കസ്റ്റംസിെൻറ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സ്വപ്ന അഭിഭാഷകൻ വഴി ഇക്കാര്യം ബോധിപ്പിച്ചത്. യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലും ഡോളർ കടത്തിയ കേസിലുമാണ് സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലായത്.
അട്ടക്കുളങ്ങര വനിതാ ജയിലിൽ തന്നെ നാലുപേർ കാണാൻ വന്നിരുന്നു. ജയിൽ ഉദ്യോഗസ്ഥരോ പൊലീസുകാരോ എന്ന് സംശയിക്കുന്നവരാണ് വന്നത്. കേസിൽ ഉന്നതരുെട പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
എന്തെങ്കിലും വിവരങ്ങൾ പുറത്തുവിട്ടാൽ ജയിലിന് പുറത്തുള്ള കുടുംബത്തെയും ജയിലിനകത്ത് തന്നെയും ഇല്ലാതാക്കാൻ കഴിവുള്ളവരാണ് തങ്ങളെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കി. നവംബർ 25 ന് കസ്റ്റംസിെൻറ കസ്റ്റഡിയിൽ വിടുന്നതിനുമുമ്പ് പലതവണയും കസ്റ്റഡിയിൽ വിട്ട 25ാം തീയതിയും ഇക്കാര്യം പറഞ്ഞ് അവർ പലതവണ ഭീഷണിപ്പെടുത്തി.
മജിസ്ട്രേറ്റ് കോടതി പലപ്പോഴായി തെൻറ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ,തെൻറ വെളിപ്പെടുത്തലുകൾ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പുറത്തുവന്നുകഴിഞ്ഞുവെന്നും സ്വപ്ന പറയുന്നു.. കേസിൽ താൽപര്യമുള്ള ഉന്നത വ്യക്തികളുടെ ഇടപെടൽ മൂലം ജയിലിനകത്തുവെച്ച് തന്നെ അപായപ്പെടുത്തിയേക്കാം. ഈ സാഹചര്യത്തിൽ മതിയായ സുരക്ഷ ഏർപ്പെടുത്താൻ ഡി.ജി.പിക്കും അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ടിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
സ്വപ്നയുടെ അപേക്ഷ പരിഗണിച്ച കോടതി ജയിലിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം നൽകി. പ്രതി സരിത്തിനെയും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.