തിരുവനന്തപുരം: കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ എൻഫോഴ്സ്മെൻറ് വിഭാഗം (ഇ.ഡി) വീണ്ടും ചോദ്യം ചെയ്തു. അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നയെ അവിടെയെത്തിയാണ് ചോദ്യംചെയ്തത്. രാവിലെ പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചുവരെ നീണ്ടു. കോടതി അനുമതിയോടെ കഴിഞ്ഞദിവസം സ്വപ്നയെയും മറ്റൊരു പ്രതിയായ സന്ദീപ് നായരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ചോദ്യംചെയ്തത്. ബിനാമി ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളും യു.എ.എഫ്.എക്സ് സൊലൂഷ്യൻസ് എന്ന സ്ഥാപനത്തെക്കുറിച്ചും ബിനീഷ് കോടിയേരിയുമായുള്ള ബന്ധം, ബിനീഷിെൻറ സുഹൃത്ത് അബ്ദുൽ ലത്തീഫുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിഞ്ഞതായാണ് വിവരം. കമീഷൻ ഇനത്തിലുൾപ്പെടെ ലഭിച്ച പണം വിദേശനാണയങ്ങളാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്. രൂപ ഡോളറാക്കി മാറ്റിനൽകിയ സ്ഥാപനങ്ങളെ സംബന്ധിച്ച വിശദാംശങ്ങളും തേടി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലായിരുന്നു സ്വപ്നയെ ചോദ്യംചെയ്തത്.
2018ൽ യു.എ.ഇ കോൺസുലേറ്റ് ഫണ്ടുപയോഗിച്ച് നടത്തിയ വീടുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പണം കൈമാറിയത് കാർ പാലസ് എന്ന സ്ഥാപന ഉടമയായ അബ്ദുൽ ലത്തീഫിനായിരുന്നെന്ന് കേന്ദ്ര ഏജൻസികൾക്ക് മുമ്പാകെ സ്വപ്ന നേരത്തേ മൊഴി നൽകിയിരുന്നു.
ബിനീഷ് കോടിയേരിയുടെ ബിനാമികളുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറകൂടി ഭാഗമായിരുന്നു ചോദ്യം െചയ്യലെന്നാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻതന്നെ കോടതിയിൽ ഇ.ഡി സമർപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.