കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി വിദേശ കറൻസി കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം ഉദ്യോഗസ്ഥൻ ഖാലിദ് പ്രതിയായ ഡോളർ കടത്ത് കേസിൽ ജൂലൈ 29ന് കസ്റ്റംസ് അയച്ച കാരണം കാണിക്കൽ നോട്ടീസിലാണ് മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി പ്രതികളായ സ്വപ്ന സുരേഷിെൻറയും സരിത്തിെൻറയും മൊഴിയും ഉൾപ്പെടുത്തിയിട്ടുള്ളത്. സ്വപ്ന, സരിത്ത് എന്നിവർ ഉൾപ്പെടെ ആറ് പ്രതികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
2017ൽ യു.എ.ഇയിലേക്കുള്ള മുഖ്യമന്ത്രിയുടെ ആദ്യ യാത്രയിൽ ഡോളർ കടത്തിയെന്നാണ് ആരോപണം. യു.എ.ഇ കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെ അഹമ്മദ് അൽദൗഖി വഴിയായിരുന്നു ഡോളർ കടത്ത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ നിർദേശപ്രകാരം സരിത്താണ് ഡോളർ വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്ന് സ്വപ്ന പറയുന്നു.
2017െൻറ തുടക്കത്തിൽ മുഖ്യമന്ത്രി യു.എ.ഇയിലേക്ക് പോയിരുന്നു. അവിടെ എത്തിയതിനുശേഷം ശിവശങ്കർ തന്നെ ഫോണിൽ വിളിച്ചു. ഒരുപൊതി മറന്നുവെച്ചെന്നും അത് മുഖ്യമന്ത്രിക്ക് എത്തിച്ചുനൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി മുഖേന പൊതി എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് സെക്രട്ടേറിയേറ്റിലെത്തി വാങ്ങിയത് സരിത്താണെന്നും സ്വപ്ന പറയുന്നു. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുവേണ്ടി ഡോളർ കടത്തിയതായി സരിത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയുണ്ട്.
പൊതി വാങ്ങിയത് പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥനായ ഹരികൃഷ്ണനിൽനിന്നാണെന്ന് സരിത്ത് പറഞ്ഞെന്നും കസ്റ്റംസ് വെളിപ്പെടുത്തുന്നു. ആകാംക്ഷ തോന്നി പൊതി സ്കാനർ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കറൻസി കണ്ടതെന്ന് സരിത്ത് തന്നോട് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. അഡ്മിൻ അറ്റാഷെയാണ് ഇത് മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും മൊഴിയിലുണ്ട്. ഇതുസംബന്ധിച്ച് ശിവശങ്കറിനോട് വിശദീകരണം തേടിയിരുെന്നന്ന് കസ്റ്റംസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പൊതി എത്തിച്ചുനൽകിയത് ശിവശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രതിനിധികൾക്ക് നൽകാനുള്ള സമ്മാനമാണ് അതിലുണ്ടായിരുന്നതെന്നാണ് ശിവശങ്കർ പറഞ്ഞത്. അതേസമയം, പൊതി ആരാണ് എത്തിച്ചത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും ശിവശങ്കർ പറയുന്നു.
2020 നവംബർ 27ന് സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസിലെ 10ാം ഖണ്ഡികയിലാണ് മുഖ്യമന്ത്രിയെക്കുറിച്ച പരാമർശമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.