തിരുവനന്തപുരം: സ്വർണം കടത്തുന്നതിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളവർ സഹായിച്ചിട്ടുണ്ടെന്ന് രണ്ടാം പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തി. പിടിയിലാകുമെന്ന ഘട്ടം എത്തിയപ്പോൾ സംസ്ഥാനത്തുനിന്ന് രക്ഷപ്പെടാൻ സഹായിച്ചവരുടെ പേരുകളും കസ്റ്റംസ് ചോദ്യം ചെയ്യലിൽ ഇവർ വെളിപ്പെടുത്തിയതായാണ് സൂചന.
എന്നാൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കുന്ന രീതിയിലാണ് ഇവർ മൊഴികൾ നൽകിയിട്ടുള്ളത്. റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലൂടെ വരുമാനം ഉണ്ടാക്കിയെന്നും പല ഉന്നത രാഷ്ട്രീയനേതാക്കളുമായും പരിചയമുണ്ടായിരുന്നതായും അവർ പറഞ്ഞു. ശിവശങ്കറിെൻറ സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന ആളെന്ന നിലയ്ക്കാണ് ചാർട്ടേഡ് അക്കൗണ്ടൻറിനെ പരിചയപ്പെടുത്തി നൽകിയത്. ലോക്കർ ഉൾപ്പെടെ കാര്യങ്ങൾ അദ്ദേഹത്തിന് അറിയില്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളിൽ ശിവശങ്കർ സഹായിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. സ്വപ്‌നയുടെ ആവശ്യപ്രകാരം മൊഴിയുടെ പകര്‍പ്പ് മുദ്രെവച്ച കവറില്‍ കോടതിക്ക് കൈമാറി. തിങ്കളാഴ്ച വൈകുന്നേരമാണ് അന്വേഷണ ഉദ്യോഗസ്ഥർ എറണാകുളം അഡീഷനല്‍ സി.ജെ.എം കോടതിയിലെ ചേംബറില്‍ കവര്‍ കൈമാറിയത്.
കള്ളക്കടത്തിന് സഹായം ചെയ്ത ഉന്നതരുടെ വിവരങ്ങളും ഏതുതരം സഹായമാണ് നല്‍കിയതെന്നതും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ സ്വപ്‌ന പറഞ്ഞതായാണ് വിവരം. മൊഴി മാറ്റാന്‍ ഭാവിയില്‍ തനിക്കുമേല്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ടാകാമെന്ന് സ്വപ്‌ന പറഞ്ഞു. ഒരുകാരണവശാലും മൊഴിയില്‍നിന്ന് പിന്മാറില്ല. മൊഴിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. അതിനായി മുദ്രവെച്ച കവറില്‍ മൊഴി കോടതിക്ക് കൈമാറാന്‍ സ്വപ്‌നതന്നെ ആവശ്യപ്പെടുകയായിരുന്നത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.