തൃപ്പൂണിത്തുറയില്‍ സ്വിഗ്ഗി ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അരിവാളുമായി വന്ന ശാന്തിനി എന്ന ജീവനക്കാരി സമരാനുകൂലിയായ രേഖയെ മുടിയില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നു

സ്വിഗ്ഗി ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റത്തിനിടെ ആയുധവുമായി ഭീഷണി

തൃപ്പൂണിത്തുറ: ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയുടെ തൊഴിലാളികള്‍ തമ്മില്‍ നടുറോഡില്‍ സംഘര്‍ഷം. തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ അക്ഷയ കാറ്ററിങിനു സമീപത്തായിരുന്നു സംഭവം. ജീവനക്കാര്‍ തമ്മില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാതെ ജോലിയുടെ ഭാഗമായി ഭക്ഷണം എടുക്കുന്നതിനായി ശാന്തിനി എന്ന ജീവനക്കാരി ഹോട്ടലില്‍ എത്തുകയും ഈ സമയം സമരത്തില്‍ പങ്കെടുത്തിരുന്ന സമരക്കാരിലൊരാളായ രേഖ എന്ന ജീവനക്കാരി ശാന്തിനിയോട് സമരത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ സമരവുമായി സഹകരിക്കില്ലെന്നും രേഖയോട് കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ഈ സമയം രേഖ ശാന്തിനിയുടെ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരി എറിഞ്ഞതോടെ ശാന്തിനി തന്റെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന അരിവാള്‍ എടുത്ത് രേഖയുടെ മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചു കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാരും കൂടെയുണ്ടായിരുന്ന മറ്റു ജീവനക്കാരും ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു. അതേസമയം സംഭവത്തെതുടര്‍ന്ന് ഹില്‍പാലസ് പൊലീസില്‍ മറ്റു ജീവനക്കാര്‍ വിവരമറിയിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ല.

രേഖയും ഭര്‍ത്താവും ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും സ്വിഗ്ഗി കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും സ്വിഗ്ഗി ഓണ്‍ ഫുഡ് വിതരണ തൊഴിലാളികളുടെ യൂനിയനായ എഫ്.ഒ.ഡി.ഡബ്ല്യൂ.യൂ എറണാകുളം ജില്ലാ സെക്രട്ടറി വിപിന്‍ പറഞ്ഞു. സമരം പൊളിക്കുന്നതിനായി സ്വിഗ്ഗി ഗുണ്ടകളെ വെച്ചാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ജീവനക്കാരുടെ വാദം. ഹില്‍പാലസ് പോലീസ് കേസെടുക്കാതായതോടെ തൃക്കാക്കര എ.സി.പി. ഓഫിസില്‍ നേരിട്ട് പരാതി നല്‍കി.

അതേസമയം, ഒരു തരത്തിലുമുള്ള അക്രമവും ഭീഷണിയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്വിഗ്ഗി അധികൃതര്‍ വ്യക്തമാക്കി. കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരു കൂട്ടം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതായുള്ള ആശങ്ക നിലവിലുണ്ട്. ഇവര്‍ മറ്റുള്ളവരുടെ ഉപജീവനമാര്‍ഗത്തിനു കൂടി തടസ്സം നില്‍ക്കുന്നു. അധികാരികള്‍ ഉചിതമായ നടപടി സ്വീകരിക്കണം. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും സ്വിഗ്ഗി അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Swiggy employees threatened with weapons during altercation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.