തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണറും വി.സി ഡോ. മോഹനൻ കുന്നുമ്മലും അക്കാദമിക് വിരുദ്ധരായ സംഘത്തോടൊപ്പം ചേർന്ന് കാവിവത്കരണത്തിന് ശ്രമം നടത്തുകയാണെന്ന് ഇടത് സിൻഡിക്കേറ്റംഗങ്ങൾ. സർവകലാശാലയെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന സംഘത്തോടൊപ്പം ആഴ്ചയിൽ രഹസ്യയോഗം ചേർന്നാണ് കാവിവത്കരണ ശ്രമങ്ങൾ നടത്തുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും അക്കാദമിക് കൗൺസിലിന്റെയും സർവകലാശാല യൂനിയന്റെയും അധികാരങ്ങൾ കവർന്നെടുത്ത് വി.സി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു. സർവകലാശാല വിരുദ്ധരുടെ കൈയിലെ കളിപ്പാവയായി അദ്ദേഹം മാറി. സിൻഡിക്കേറ്റ് അംഗീകരിച്ച് പാസാക്കിയ ബോർഡ് ഓഫ് സ്റ്റഡീസിൽ വി.സി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ഇക്കണോമിക്സ് ബോർഡ് ഓഫ് സ്റ്റഡീസിൽ സിൻഡിക്കേറ്റ് അംഗീകരിക്കാത്ത ആർ.എസ്.എസുകാരനായ യോഗ്യതയില്ലാത്ത വ്യക്തിയെ വി.സി ചെയർമാനാക്കി.
സർവകലാശാലയുടെ ധനവിനിയോഗ അധികാരം സിൻഡിക്കേറ്റിനാണെന്നിരിക്കെ, ഇഷ്ടക്കാർക്ക് വി.സി പല ഹെഡുകളിൽ നിന്ന് വൻ തുക വകമാറ്റി നൽകുന്നു. വേദാന്ത ഇൻറർനാഷനൽ സ്റ്റഡി സെന്ററിന്റെ സെമിനാറിൽ സിൻഡിക്കേറ്റിനെ അറിയിക്കാതെ വി.സിയും ഡയറക്ടറും ഗൂഢാലോചന നടത്തിയാണ് ഗവർണറെ പങ്കെടുപ്പിക്കുന്നത്. 1.85 ലക്ഷം രൂപയാണ് സെമിനാറിന് ഫിനാൻസ് കമ്മിറ്റി അറിയാതെ വി.സി അധികമായി അനുവദിച്ചത്. സിൻഡിക്കേറ്റും ഫിനാൻസ് കമ്മിറ്റിയും അറിയാതെ പണം അനുവദിച്ച ഉദ്യോഗസ്ഥ നടപടിയും വേദാന്ത ഡയറക്ടറുടെ നടപടിയും സിൻഡിക്കേറ്റ് പരിശോധിക്കുമെന്നും അഡ്വ. ജി. മുരളീധരൻ, ഡോ. ഷിജൂഖാൻ, ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ വ്യക്തമാക്കി.
‘വി.സിക്ക് യു.ജി.സി യോഗ്യതയില്ല’
തിരുവനന്തപുരം: കേരള വി.സിയുടെ ചുമതലയിലിരിക്കാൻ യു.ജി.സി നിർദേശിക്കുന്ന യോഗ്യത മോഹൻ കുന്നുമ്മലിനില്ലെന്ന് സിൻഡിക്കേറ്റംഗങ്ങൾ. വി.സിയാകാൻ വേണ്ട 10 വർഷത്തെ പ്രഫസർഷിപ് അദ്ദേഹത്തിനുണ്ടോ എന്ന് പരിശോധിക്കണം. പിഎച്ച്.ഡിയില്ലാത്ത വി.സിയാണ് പിഎച്ച്.ഡി ബിരുദ സർട്ടിഫിക്കറ്റിൽ ഒപ്പിടുന്നത്. കേരള സർവകലാശാല വി.സിയുടെ ഉയർന്ന പ്രായം 60 വയസ്സാണെങ്കിൽ മോഹനൻ കുന്നുമ്മലിന് 68 വയസ്സായി. മാസത്തിൽ നാലോ അഞ്ചോ ദിവസം മാത്രമാണ് വി.സി സർവകലാശാലയിൽ വരുന്നതെന്നും സിൻഡിക്കേറ്റംഗങ്ങൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.