ആയഞ്ചേരി: മതവിശ്വാസത്തിന്റെ പേരിൽ ഒറ്റപ്പെടുത്തി ദുർബലരാക്കാൻ ബോധപ്പൂർവ്വം ശ്രമം നടത്തുന്ന ഇക്കാലത്ത് മഹല്ലുകളും മസ്ജിദുകളും എല്ലാവരെയും ചേർത്ത് പിടിക്കുന്നതിന്റെയും സന്ദേശം പരത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി. പൈങ്ങോട്ടായിൽ പുതുതായി നിർമ്മിച്ച അൽ ഫുർഖാൻ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ സംബന്ധിച്ച ഇസ്ലാമിന്‍റെ സങ്കൽപ്പം പ്രയോഗത്തിൽ കാണിച്ചുക്കൊടുക്കുന്ന മനുഷ്യരുടെ കേന്ദ്രമായി അൽഫുർഖാൻ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അൽഫുർഖാൻ നിർമ്മാണകമ്മിറ്റി ചെയർമാൻ വി.പി ബഷീർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 75 വർഷമായി നാം അനുഭവിച്ചുവരുന്ന ഭരണഘടനദത്ത അവകാശങ്ങൾ ഒന്നൊന്നായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആശങ്കാജനകമായ കാഴ്ച്ചയാണ് പാർലമെന്റിന് അകത്തും പുറത്തും കാണാൻ സാധിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വടകര ലോക്സഭ എം.പി കെ. മുരളീധരൻ പറഞ്ഞു. മതവിഭാഗീയത സൃഷ്ടിക്കുന്ന ഇക്കാലത്ത് മതമൈത്രിയെന്ന നമ്മുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ ആരാധനാലയങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽഫുർഖാന്‍റെ കീഴിൽ ആരംഭിക്കുന്ന ഭവനപദ്ധതിക്ക് എം. കുഞ്ഞബ്ദുല്ലയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കുറ്റ്യാടി എം.എൽ. എ കെ.പി കുഞ്ഞമ്മദ്ക്കുട്ടിയും ലൈബ്രററിയുടെ പ്രഖ്യാപനം എം.കെ മൊയ്തുവിൽ നിന്നും പുസ്തകം സ്വീകരിച്ച് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയും നിർവ്വഹിച്ചു. മഹല്ലിന് നൽകുന്ന വഖ്ഫ് സ്വത്തിന്‍റെ പ്രമാണ കൈമാറ്റം പുത്തലത്ത് മൂസ്സ ഹാജിയിൽ നിന്ന് മഹല്ല് പ്രസിഡന്‍റ് എ.കെ അബ്ദുലത്തീഫ് ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി വനിത പ്രസിഡന്റ് പി.വി റഹ്മാബി, സോളിഡാരിറ്റി വൈസ് പ്രസിഡന്റ്‍ സി.ടി സുഹൈബ്, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു.പി സിദ്ധീഖ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.ശാക്കിർ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സബിത മണക്കുനി, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം മുനീർ, പഞ്ചായത്ത് മെമ്പർമാരായ ഹംസ വായേരി,നജ്മുന്നിസ, ആയിശടീച്ചർ, നൊച്ചാട് കുഞ്ഞബ്ദുല്ല, യു. മൊയ്തു മാസ്റ്റർ, ചുണ്ടയിൽ മൊയ്തുഹാജി, ടി.വി അഹമ്മദ്, കെ.കെ ചന്ദ്രൻ, ടി.കെ അലി, കെ.സി ഷാക്കിർ എന്നിവർ സംസാരിച്ചു.
കെ നൗഷാദ് സമാപനം നിർവ്വഹിച്ചു.അൽഫുർഖാന്‍റെ നിർമ്മാണത്തിൽ പങ്കാളികളായ എഞ്ചിനിയർമാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. ഉച്ചക്ക് നടന്ന ജുമുഅ പ്രാർത്ഥനക്ക് ടി. ആരിഫലി നേതൃത്വം നൽകി. കെ.ഫൈസൽ സ്വാഗതവും എ.കെ റിയാസ് നന്ദിയും പറഞ്ഞു. അൽഫുർഖാൻ ഇമാം ഹാഫിസ് അക്റം പ്രാർത്ഥന നിർവ്വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.