തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ജിതിനാണെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചത് ടീഷർട്ട്, ഷൂസ്, കാർ എന്നിവയിൽനിന്നാണെന്ന് അന്വേഷണ സംഘം. എ.കെ.ജി സെന്ററിന് മുന്നിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലുള്ളയാൾ ധരിച്ചിരുന്ന തരത്തിലുള്ള ടീഷർട്ടിട്ട് ജിതിൻ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്നു. ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ പ്രത്യേക ബ്രാൻഡിന്റേതാണെന്ന് പരിശോധനയിൽ മനസ്സിലായി. വസ്ത്രങ്ങൾ വിറ്റ കടയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇവിടെനിന്ന് വിറ്റ 2022 മേയിൽ പുറത്തിറക്കിയ ഈ ബ്രാൻഡിലുള്ള 12 ടീഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്ന് കണ്ടെത്തിയതാണ് നിർണായകമായത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മൺവിളയിലെ വീട്ടിൽനിന്നാണ് ജിതിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലും നിർണായകമായി. സ്വന്തമായി സ്കൂട്ടറില്ലാത്ത ജിതിന്റെ ഉടമസ്ഥതയിലുള്ള കാറും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ജിതിൻ കാറിൽ കയറി പോയശേഷം സ്കൂട്ടർ ഓടിച്ചുപോയത് മറ്റൊരാളാണെന്നും വ്യക്തമായി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ മാറ്റിയ ശേഷമാണ് എത്തിയതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സംഭവദിവസം രാത്രി 11.25ന് എ.കെ.ജി സെന്ററിന്റെ മതിലിനുനേരെ പടക്കം എറിഞ്ഞശേഷം ഡിയോ സ്കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി അന്വേഷണസംഘം പറയുന്നു. കെ.എസ്.ഇ.ബിയുടെ ബോർഡ് സ്ഥാപിച്ച കാറിനടുത്തേക്ക് സ്കൂട്ടർ വരുന്നതും കാറിന് പിന്നാലെ സ്കൂട്ടർ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കുറച്ച് മുന്നോട്ടുപോയശേഷം ജിതിൻ സ്കൂട്ടർ നിർത്തി കാറിലേക്ക് കയറി ഓടിച്ചുപോയി. ജിതിൻ വന്ന സ്കൂട്ടർ കാറിലുണ്ടായിരുന്ന ആളാണ് കൊണ്ടുപോയത്.
ജിതിന്റെ പേരിലാണ് കാറെന്ന് അന്വേഷണത്തിൽ മനസ്സിലായി. കെ.എസ്.ഇ.ബി അസി.എക്സി. എൻജിനീയർക്കായി ഓടുന്ന ടാക്സി കാറായിരുന്നു ഇത്. അസി.എക്സി. എൻജിനീയറുമായി സംസാരിച്ചപ്പോൾ വൈകീട്ട് വരെ കാർ ഉപയോഗിച്ചതായും വാടകക്കാണ് എടുത്തതെന്നും വ്യക്തമായി. കഴക്കൂട്ടംവരെ കാറിന്റെ ഡിക്കി തുറന്ന നിലയിലായിരുന്നു. സ്ഫോടകവസ്തു എടുക്കാൻ തുറന്നശേഷം അടക്കാന്‍ മറന്നതാകാമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
നേരത്തേ ജിതിനെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. സംഭവസമയം ഉപയോഗിച്ചിരുന്ന ഫോൺ ഇയാൾ വിറ്റതായും ആഗസ്റ്റിൽ മറ്റൊന്ന് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ പിടികൂടിയെങ്കിലും ജിതിന് എവിടെനിന്നാണ് സ്ഫോടകവസ്തു ലഭിച്ചത്, എവിടെ വെച്ചാണ് പടക്കം നിർമിച്ചത്, സഞ്ചരിച്ച സ്കൂട്ടർ എവിടെ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.
കൊച്ചി: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് സി.പി.എം തിരക്കഥയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ എ.കെ.ജി സെന്ററിന്റെ മതിലിന് പുറത്തുവീണ പടക്കത്തിന്റെ നൊമ്പരമല്ല, രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് കേരളം നല്കുന്ന സ്വീകാര്യതയില്‍ സി.പി.എമ്മിനുണ്ടാകുന്ന അസ്വസ്ഥതയുടെ ഭാഗമാണിതെന്നും യാത്രക്കിടെ ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
യാത്രയുടെ തുടക്കംമുതല്‍ ബി.ജെ.പി പ്രകടിപ്പിച്ച അതേ അസ്വസ്ഥതയാണ് സി.പി.എമ്മിനുമുള്ളത്. രാഹുല്‍ഗാന്ധി മുമ്പ് കേരളത്തില്‍ വന്നപ്പോഴും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം സി.പി.എം ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് അവർ നടത്തിയ പല വെളിപ്പെടുത്തലുകളും ശ്രദ്ധതിരിക്കലിന്റെ ഭാഗമായിരുന്നു. സി.പി.എമ്മിന്റെ ഭാവനക്കനുസരിച്ചാണ് പൊലീസ് തീരുമാനമെടുക്കുന്നത്. യൂത്ത് കോണ്‍ഗ്രസിനെ ബന്ധിപ്പിക്കാവുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നേ അറസ്റ്റുണ്ടായേനെ.
എ.കെ.ജി സെന്റർ ആക്രമിക്കുന്നതിന് രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസ് ഓഫിസിനുനേരെ ആക്രമണം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടും പൊലീസ് എന്തു നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു.
കൊച്ചി: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജിതിന് നിരപരാധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബോംബെറിഞ്ഞു എന്നത് നുണയാണ്. പടക്കമെറിയേണ്ട കാര്യം കോണ്‍ഗ്രസിനില്ല. കെ.പി.സി.സി ഓഫിസ് ആക്രമിച്ചവര്‍ക്കെതിരെ നടപടിയില്ല. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നവരെ ചോക്ലറ്റില്‍ മായം കലര്‍ത്തി മയക്കുകയാണ്. എസ്.പിയുടെ മുന്നിലിരുത്തിയാണിത്. ജിതിനും ഇത്തരത്തില്‍ ചോക്ലറ്റ് നല്‍കിയിട്ടുണ്ട്.
അവന്റെ ബോധമനസ്സിനെ മയക്കിയിരിക്കുകയാണ്. ഇതുകൊണ്ടാണ് വായില്‍ തോന്നിയതെന്തോ പറയുന്നത്. പൊലീസ് നടപടി കോണ്‍ഗ്രസ് നോക്കിയിരിക്കും എന്ന് പിണറായി വിജയനോ സര്‍ക്കാറോ കരുതരുത്. എ.കെ.ജി സെന്ററല്ല അതിനപ്പുറത്തെ സെന്റര്‍ വന്നാലും പ്രശ്നമല്ല.
ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടത് പ്രവര്ത്തകന് പറ്റിയ അബദ്ധമാണ്. അതുകൊണ്ടുതന്നെ കൂടുതൽ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്നും സുധാകരന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.