താനൂർ: ഇന്നലെ രാവിലെ 11മണിക്ക് പുത്തൻകടപ്പുറം മിസ്ബാഹുൽ ഉലൂം മദ്റസ ഹാളിൽനിന്ന് ഖബറടക്കത്തിനായി 11 മൃതദേഹങ്ങൾ എടുക്കുമ്പോൾ മദ്റസ ഹാളിന് പുറത്തെ റോഡരികിൽ തളർന്നിരുന്ന് ഒരു കൂട്ടം പെൺകുട്ടികൾ വിതുമ്പുന്നുണ്ടായിരുന്നു.സൈതലവിയുടെ മക്കളും ഹയർ സെക്കൻഡറി വിദ്യാർഥിനികളുമായ ഹസ്നയുടേയും ഷംനയുടേയും കൂട്ടുകാരികളാണ് തങ്ങളുടെ പ്രിയപ്പെട്ടവർ അന്ത്യയാത്ര പോകുന്നത് കാണാനാവാതെ കൂട്ടംചേർന്ന് തേങ്ങിയത്.
മദ്റസ മുറ്റത്തെ റോഡിൽ തിങ്ങിനിറഞ്ഞ എല്ലാവരുടെയും അവസ്ഥയും ഏറക്കുറെ ഇതുതന്നെയായിരുന്നു. മൃതദേഹങ്ങൾ ഓരോന്നായി തൊട്ടടുത്ത പുത്തൻകടപ്പുറം ജുമുഅത്ത് പള്ളിയിലേക്ക് കൊണ്ടുപോകുമ്പോൾ കളിചിരികൾ നിശ്ചലമായ ആ വീടുകളായിരുന്നു എല്ലാവരുടേയും മനസ്സിൽ.
മൂന്ന് തവണയായി നടന്ന മയ്യിത്ത് നമസ്കാരങ്ങളിൽ ആദ്യത്തേതിന് കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി. പള്ളിയുടെ അകം മുഴുവൻ ആളുകൾ നിറഞ്ഞതിനാൽ പള്ളി മുറ്റത്തടക്കം നിന്നാണ് മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയത്. തുടർന്ന് പള്ളിക്ക് മുൻവശം റോഡിനപ്പുറം കടലിനോട് ചേർന്നുള്ള ഖബർസ്ഥാനിൽ ഒന്നിച്ച് തയാറാക്കിയ 11 ഖബറുകളിലാണ് ഇവർക്ക് അന്ത്യവിശ്രമമൊരുക്കിയത്.
ഓരോ മയ്യിത്തുകളായാണ് ഖബറടക്കിയത്. ഒരു മയ്യിത്ത് ഖബറടക്കിയ ശേഷം അടുത്തത് പള്ളിയിൽനിന്ന് പുറത്തെടുത്ത് ഖബറിലേക്ക് കൊണ്ടുവരുന്ന തരത്തിലായിരുന്നു ക്രമീകരണം. ഉച്ചക്ക് ഒന്നരയോടെയാണ് ഖബറടക്കം പൂർത്തിയയത്. തുടർന്ന് മരിച്ചവരുടെ ഉറ്റ ബന്ധുക്കളായ സൈതലവി, സിറാജ് ഉൾപ്പെടെയുള്ളവർ ഉറ്റവർക്ക് അവസാന സലാം പറഞ്ഞ് ഖബറിടത്തിൽനിന്ന് മടങ്ങി.
ഈ സമയം ഖബർസ്ഥാനിലെത്തിയ മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയുടെ നേതൃത്വത്തിൽ വീണ്ടും മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ഖബറിടത്തിലെത്തി ആദരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.