പാലക്കാട്: കാട്ടുകൊമ്പൻ പി.ടി. സെവനെ പിടികൂടാൻ ദൗത്യസംഘം സജ്ജമെന്ന് ചീഫ് വെറ്റിനറി ഓഫിസർ ഡോ. അരുൺ സക്കറിയ. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ദൗത്യം നിറവേറ്റുക. സാഹചര്യം ഒത്തുവന്നാൽ നാളെ തന്നെ കാട്ടാനയെ മയക്കുവെടി വെക്കാനാകുമെന്നും അരുൺ സക്കറിയ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കാട്ടാനയെ പിടികൂടാനുള്ള ദൗത്യസംഘം വയനാട്ടിൽ നിന്ന് ധോണിയിലെത്തി. ഇന്ന് രാവിലെ ധോണി ക്യാമ്പിൽ ദൗത്യസംഘം യോഗം ചേരും. ആനയുടെ നീക്കങ്ങളെ കുറിച്ചുള്ള അവസാനവട്ട വിലയിരുത്തൽ ഗ്രാഫിന്‍റെ അടിസ്ഥാനത്തിൽ നടത്തും. കൂടാതെ, അഞ്ചംഗ സംഘത്തിലെ ദൗത്യത്തിന്‍റെ ഭാഗമായി പരിശീലനം നൽകാനും തീരുമാനമുണ്ട്.
കാട്ടുകൊമ്പൻ വനാതിർത്തിയോട് ചേർന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുള്ളത്. ആന ഉൾവനത്തിലേക്ക് പോകാതിരിക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്. വനാതിർത്തിയിൽ വെച്ച് മയക്കുവെടിവെച്ച് കുങ്കിയാനയുടെ സഹായത്തിൽ വാഹനത്തിൽ കയറ്റാനാണ് ദൗത്യസംഘത്തിന്‍റെ പദ്ധതി.
ദൗത്യസംഘത്തിന്‍റെ വിദഗ്ധരും ദ്രുത പ്രതികരണ സേനയും നാട്ടുകാരും സംഘങ്ങളായി രാവും പകലും കാട്ടാനയെ ജനവാസ മേഖലയിൽ നിന്ന് അകറ്റുന്ന പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ധോണി ജനവാസ മേഖലക്കും വനഭൂമിക്കും 100 മുതൽ 500 വരെ മീറ്റർ ദൂരമാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.