കോട്ടയം: കൈയയച്ച് ‘സഹായിച്ചതിന്’ പ്രത്യുപകാരമായി നികുതി കുറച്ച് വീര്യം കുറഞ്ഞ മദ്യവില്പനക്ക് അനുമതി നൽകാൻ സർക്കാർ നീക്കം. ഈ ആവശ്യം ശക്തമായി എതിർത്തിരുന്ന നികുതി കമീഷണർ അവധിയിലായിരിക്കെയാണ് തിരക്കിട്ട ആലോചന. നവകേരള സദസ്സ്, കേരളീയം പരിപാടികൾക്ക് മദ്യക്കമ്പനികൾ കൈയയച്ച് സഹായിച്ചെന്ന ആക്ഷേപം നിലവിലുണ്ട്. സ്പോൺസർമാരുടെ പേരുവിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
ബജറ്റിലാണ് സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. പക്ഷേ, അത് യാഥാർഥ്യമായില്ല. നികുതി ഉൾപ്പെടെ കാര്യങ്ങളായിരുന്നു തടസ്സം. വീര്യം കുറഞ്ഞ മദ്യോൽപാദനം കൂട്ടാൻ നികുതി കുറക്കണമെന്ന ആവശ്യമാണ് കമ്പനികൾ ഉന്നയിക്കുന്നത്. നിലവില്‍ കെയ്സിന് 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 251 ശതമാനമാണ് വിൽപന നികുതി. 400 രൂപക്ക് താഴെയുള്ളവക്ക് 245 ശതമാനവുമാണ് നികുതി.
പലഘട്ടങ്ങളിലായി മദ്യവില കൂട്ടിയതോടെ കെയ്സിന് 400 രൂപയിൽ കുറഞ്ഞ ബ്രാൻഡ് മദ്യം സംസ്ഥാനത്ത് വളരെ കുറവാണ്. 42.86 ശതമാനമാണ് മദ്യത്തിലെ ആൽക്കഹോളിന്റെ അളവ്. ഇത് 20 ശതമാനമാക്കി കുറക്കുമ്പോള്‍ നികുതിയിൽ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കിയാൽ വിൽപന കൂടുമെന്നും മദ്യോൽപാദകർ അവകാശപ്പെടുന്നു. എന്നാൽ, രണ്ടുതരം നികുതി ഖജനാവിന് വൻ നഷ്ടമുണ്ടാക്കുമെന്നാണ് നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വിലകുറഞ്ഞ മദ്യം വിറ്റാൽ നികുതി ചോർച്ച ഉണ്ടാകില്ലേയെന്ന ആശങ്ക നികുതി കമീഷണർ അജിത് പാട്ടീൽ ഉന്നയിച്ചിരുന്നു. വിഷയത്തിൽ അന്തിമതീരുമാനം എടുക്കാനുള്ള സർക്കാർ നീക്കത്തിനിടെയാണ് നികുതി കമീഷണർ അവധിയിൽ പോയത്. അവധി അപേക്ഷ നേരത്തേ നൽകിയതാണെന്നാണ് നികുതി വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം. പക്ഷേ, അതെല്ലാം അവഗണിച്ച് മദ്യോൽപാദകരുടെ ആവശ്യം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിടുക്കത്തിലുള്ള ഫയൽ നീക്കത്തിന് പിന്നിൽ ‘തെരഞ്ഞെടുപ്പ് ഫണ്ട് പിരിവാണെന്ന’ ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.