കോഴിക്കോട്: യു.എ.പി.എ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച് കോഴിക്കോട്ട് പ്രതീകാത്മക പ്രതിഷേധം. കടപ്പുറത്തെ ഫ്രീഡം സ്ക്വയറിലായിരുന്നു ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തിൽ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്തസമരം. 'അലനും താഹയും അറസിറ്റിലായത് ചായകുടിക്കാൻ പോയപ്പോഴായിരുന്നില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ വിവാദ പ്രസ്താവനയെ ഓർമിപ്പിച്ചായിരുന്നു ചായകുടിസമരം.
ചടങ്ങിൽ ഒത്തുചേർന്നവർക്കെല്ലാം ചായയും പരിപ്പുവടയും നൽകി. മനുഷ്യാവകാശപ്രവർത്തകൻ എ. വാസു അലനും താഹക്കും ചായ നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇവർ കൈവശം വെച്ചെന്ന് പറയുന്ന ലഘുലേഖ വർഷങ്ങളായി വിൽക്കുന്നയാളാണ് താനെന്ന് എ. വാസു പറഞ്ഞു. എനിക്കെതിരെ ഒരു നടപടിയുമില്ല. ഇവർ അതു കൈവശംവെച്ചതിന് യു.എ.പി.എ ചുമത്തി. ഫാഷിസത്തിെൻറ എല്ലാ സ്വഭാവവും കാണിക്കുകയാണ് സി.പി.എം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെൻറ ജീവചരിത്രം കൈവശം വെച്ചതിനാണ് ഇൗ കുട്ടികളെ ജയിലിലടച്ചതെന്ന് മുൻ നക്സലൈറ്റ് നേതാവ് എം.എൻ. രാവുണ്ണി പറഞ്ഞു. ഒടുവിൽ ഇവർക്ക് ഒരുമിച്ചിരിക്കാൻ സുപ്രീംകോടതി കനിയണമെന്നതാണ് അവസ്ഥയെങ്കിൽ നാട്ടിലെ രാഷ്ട്രീയപാർട്ടികൾക്ക് നാണക്കേടാണ്. തനിക്കും അലനും ജാമ്യം ലഭിച്ചെങ്കിലും പന്തീരാങ്കാവ് യു.എ.പി.എ കേസ് അവസാനിക്കുന്നില്ലെന്ന് താഹ പറഞ്ഞു. ഇതേ കേസിൽ അറസ്റ്റിലായ വിജിത്തും ഉസ്മാനും ഇപ്പോഴും ജയിലിലവണ്. കൂടെ നിന്നവരോടെല്ലാം താഹ നന്ദി പറഞ്ഞു.
കേരളം മറ്റു പലകാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ് എന്നു പറയുന്നപോലെ ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിലും ഒന്നാം സ്ഥാനത്താണെന്ന് അലൻ പറഞ്ഞു. നിയമവിദ്യർഥിയായ താൻ അഭിഭാഷകനായാൽ യു.എ.പി.എ കേസുകൾക്കെതിരെ ശക്തമായി വാദിക്കുമെന്നും അലൻ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ കൊച്ചങ്ങാടി അധ്യക്ഷതവഹിച്ചു. വായിക്കുന്നത് കുറ്റമാവുന്നത് ജനാധിപത്യത്തിെൻറ ദുരവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. പി.എ. പൗരൻ സ്വാഗതവും സി.പി. റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.