തിരുവനന്തപുരം: സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്താനുള്ള കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. കരട് വിജ്ഞാപനത്തിന് നിയമവകുപ്പ് അംഗീകാരം നൽകി. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലൂടെയാണ് സ്കൂളുകളിലെ നിയമനങ്ങൾക്ക് ധനവകുപ്പ് തടയിട്ടത്. എൽ.പി സ്കൂളിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 31 വിദ്യാർഥിയുണ്ടായാൽ രണ്ടാമത്തെ തസ്തിക അനുവദിക്കുന്നതുമായിരുന്നു നിലവിലെ രീതി. യു.പിയിൽ ഇത് 1:35ഉം 36 വിദ്യാർഥികൾക്ക് രണ്ടാമത്തെ തസ്തികയുമായിരുന്നു.
എന്നാൽ എൽ.പിയിൽ 31ന് പകരം 36 വിദ്യാർഥിയും യു.പിയിൽ 36ന് പകരം 41ഉം വിദ്യാർഥികൾ ഉണ്ടെങ്കിൽ മാത്രം രണ്ടാമത്തെ തസ്തിക മതിയെന്നും തീരുമാനിച്ചു. എയ്ഡഡ് സ്കൂൾ നിയമനാംഗീകാരം വിദ്യാഭ്യാസ ഒാഫിസർമാരിൽനിന്ന് എടുത്തുമാറ്റുകയും സർക്കാറിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് പ്രഖ്യാപനത്തോടെ ഫെബ്രുവരി അവസാനവാരം മുതൽ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം മുഴുവൻ വിദ്യാഭ്യാസവകുപ്പ് നിർത്തിവെച്ചു. അധ്യാപക വിദ്യാർഥി അനുപാതം മാറുന്നതോടെ സംരക്ഷിത അധ്യാപകരുടെ പട്ടികയിൽനിന്ന് മാതൃസ്കൂളിലേക്ക് തിരിച്ചുപോയ അധ്യാപകർ വീണ്ടും സംരക്ഷിത പട്ടികയിലേക്ക് തിരികെയെത്തും.
സംരക്ഷിത അധ്യാപകരുടെ എണ്ണം 5000ത്തിനും 8000ത്തിനും ഇടയിൽ ആയി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇവരുടെ പുനർവിന്യാസം പുതിയ വെല്ലുവിളിയാകും. പഴയ അനുപാതത്തിൽ സർക്കാർ സ്കൂളുകളിൽ നിയമനം നേടിയ അധ്യാപകർ പുതിയ അനുപാതത്തിൽ അധികമെന്ന് കണ്ട് ഒഴിവുള്ള ഇടങ്ങളിലേക്ക് പുനർ വിന്യസിക്കപ്പെടും. ഇത് നടപ്പാകുന്നതോടെ സർക്കാർ സ്കൂളുകളിലെ റിട്ടയർമെൻറ് ഒഴിവുകളിലേക്ക് പോലും പുതിയ നിയമനം ആവശ്യമില്ലാത്ത അവസ്ഥ വരും.
ഫലത്തിൽ വിവിധ ജില്ലകളിൽ നിലവിലുള്ള പി.എസ്.സി അധ്യാപക റാങ്ക് പട്ടികയിൽനിന്ന് നിയമനം നടക്കാത്ത അവസ്ഥ വരും. 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചുണ്ടായ അധിക തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്കും സർക്കാർ നിയമനാംഗീകാരം നൽകിയിട്ടില്ല. നൂറുകണക്കിന് അധ്യാപകരാണ് വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.