തിരുവനന്തപുരം: പരിശോധനയും നടപടിയും കുറഞ്ഞതോടെ, സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകർ പറന്നുനടന്ന് സ്വകാര്യ ട്യൂഷൻ നടത്തുന്നു. സംസ്ഥാനത്തെ ചെറുതും വലുതുമായ എൻട്രൻസ് പരിശീലന സ്ഥാപനങ്ങൾക്കും സ്വന്തംനിലക്കുമാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ‘സ്വകാര്യ സേവനം’ ചെയ്ത് വൻതുക പോക്കറ്റിലാക്കുന്നത്.
സയൻസ് അധ്യാപകരാണ് ഇതിൽ മുന്നിൽ. ഹയർ സെക്കൻഡറി പരീക്ഷ കഴിയുന്നതോടെ, ഇവരുടെ കൊയ്ത്തുകാലമാണ്. പല അധ്യാപകരും പരീക്ഷ മൂല്യനിർണയ ജോലി പോലും ഉപേക്ഷിച്ചാണ് എൻട്രൻസ് പരീക്ഷകൾക്കുള്ള ക്രാഷ് കോഴ്സിനായി ഓടുന്നത്. തലസ്ഥാനത്തെ എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലുൾപ്പെടെ സർക്കാർ ശമ്പളംപറ്റുന്ന അധ്യാപകർ ക്ലാസെടുക്കാനെത്തുന്നുണ്ട്.
മണിക്കൂറടിസ്ഥാനത്തിൽ വേതനം പറ്റുന്ന അധ്യാപകർ ഈ ഇനത്തിൽ പ്രതിമാസം ലക്ഷത്തിലധികം രൂപയാണ് നേടുന്നത്. ഒന്നിലധികം സ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്നവരും ഏറെയാണ്. സമീപകാലത്ത് സർക്കാറിന്റെ പരിശോധനാ സംവിധാനം കാര്യക്ഷമമല്ലാതായതോടെ, സ്വകാര്യ ട്യൂഷനായി എത്തുന്ന അധ്യാപകരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ഓൺലൈൻ പ്ലാറ്റ് ഫോമിലുള്ള ക്ലാസ് കൂടി പ്രചാരത്തിലായതോടെ, ഇവരുടെ അവസരവും വരുമാനവും വർധിച്ചു. മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലെ പ്രവേശന പരീക്ഷക്ക് പുറമെ, കേന്ദ്ര സർവകലാശാലകളിൽ ബിരുദപ്രവേശനത്തിനുള്ള സി.യു.ഇ.ടി പരീക്ഷക്കുൾപ്പെടെ കോച്ചിങ് വ്യാപകമാണ്. ഇതോടെ, സയൻസ് അധ്യാപകരല്ലാത്തവർക്കും സ്വകാര്യ ട്യൂഷന് സാധ്യത വർധിച്ചു.
പ്രധാനമായും വിജിലൻസ് വിഭാഗമാണ് പരിശോധനകളിലൂടെ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ പിടികൂടിയിരുന്നത്. പിടികൂടുന്നവർക്കെതിരെ സസ്പെൻഷൻ നടപടിയാണ് സ്വീകരിക്കുന്നത്. ഇവരെ പിന്നീട് തിരിച്ചെടുക്കുകയും സസ്പെൻഷൻ കാലയളവ് സർവിസായി ക്രമീകരിച്ചുനൽകുന്നതും ഇത്തരക്കാർക്ക് ധൈര്യം പകരുന്നു.
സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനൽവഴി അർധ വാർഷിക പരീക്ഷ ചോദ്യങ്ങൾ ചോരുന്നതിന്റെ അടിസ്ഥാന കാരണമായി വിദ്യാഭ്യാസമന്ത്രി തന്നെ കാണുന്നത് അധ്യാപകർക്ക് ട്യൂഷൻ കേന്ദ്രങ്ങളുമായുള്ള ബന്ധം തന്നെയാണ്. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി തടഞ്ഞാൽ മാത്രമേ ഇത്തരം കേന്ദ്രങ്ങൾ വഴിയുള്ള ചോദ്യചോർച്ചയും തടയാനാകൂ. പുതിയ സാഹചര്യത്തിൽ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിരീക്ഷിച്ച് നടപടിയെടുക്കാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.