നെടുമ്പാശ്ശേരി: ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തരമായി നിലത്തിറക്കി. സ്പൈസ് ജെറ്റ് വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെത്തുടർന്നാണ് നെടുമ്പാശ്ശേരിയിൽ അടിയന്തരമായി ഇറക്കേണ്ടിവന്നത്.
കരിപ്പൂരിൽ ഇറക്കാൻ കഴിയാതെ തിരിച്ചുവിട്ട വിമാനം വൈകീട്ട് 6.35ഓടെയാണ് നെടുമ്പാശ്ശേരിയുടെ പരിധിയിലെത്തിയത്. ഇതോടെ വലിയ ആശങ്കയാണ് ഉടലെടുത്തത്. വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിരക്ഷ സേനയും ആംബുലൻസുകളും ഉടൻ റൺവേയിൽ പാഞ്ഞെത്തി. ജീവനക്കാരുൾപ്പെടെ 197 പേരുമായി എത്തിയ വിമാനം രണ്ടു തവണ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 7.16നാണ് സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞത്. വിമാനത്തിലെ യാത്രക്കാരെ രാത്രി വൈകി മറ്റൊരു വിമാനത്തിൽ കരിപ്പൂരിലെത്തിച്ചു. വിമാനം അടിയന്തരമായി ഇറക്കേണ്ടിയിരുന്നതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച, തിരുവനന്തപുരത്തുനിന്നുള്ള ഇൻഡിഗോയുടേതുൾപ്പെടെ എട്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ യഥാസമയം ഇറക്കാനാവാതെ മറ്റിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
യാത്രാവേളയിൽ തകരാറിലായാൽ സുരക്ഷിതമായി വിമാനമിറക്കാൻ കഴിയുമോയെന്ന് പൈലറ്റാണ് തീരുമാനമെടുക്കേണ്ടതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. അതിനാലാണ് രണ്ടു വട്ടം ഇറക്കുന്നതിനായി താഴേക്ക് പറന്നിട്ടും തിരിച്ചുപോയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലാകുമ്പോൾ വിമാനത്തിന്റെ ചിറകുകൾ ശരിയായ വിധത്തിൽ പ്രവർത്തിച്ച് റൺവേയിൽ ചക്രങ്ങൾ സുരക്ഷിതമായി ക്രമീകരിക്കാൻ പലപ്പോഴും കഴിയില്ല. തകരാർ പരിഹരിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിക്ക് ശേഷമേ വിമാനം ഇനി സർവിസ് നടത്തുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.