സാങ്കേതിക സർവകലാശാല: ഭൂമി കൈമാറ്റ നടപടികൾ തുടങ്ങി; 50 ഏക്കറിന് 184 കോടി അനുവദിച്ചു

തിരുവനന്തപുരം/നേമം: കാട്ടാക്കട വിളപ്പിൽ വില്ലേജിലെ വിളപ്പിൽശാലയിൽ ആരംഭിക്കുന്ന ഡോ.എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ 136 ഭൂവുടമകളുടെ 50 ഏക്കർ ഭൂമിയാണ് സാങ്കേതിക സർവകലാശാലക്കായി കൈമാറുന്നത്.

ഭൂമിയേറ്റെടുക്കൽ പ്രഖ്യാപനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായി ആദ്യഘട്ട ഭൂമികൈമാറ്റം പൂർത്തിയാക്കും. വിളപ്പിൽ പഞ്ചായത്തിന്റെ വികസന ചരിത്രത്തിലെ തിളങ്ങുന്ന ദിവസമാണിതെന്ന് എം.എൽ.എ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഭൂമിയേറ്റെടുക്കലിനെ എതിർത്ത നാട്ടുകാർ പിന്നീട് ഭൂമിയേറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയെന്നും കെ-റെയിൽ ഭൂമിയേറ്റെടുക്കലിന്റെ പേരിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നവർക്കുള്ള മറുപടിയാണിതെന്നും എം.എൽ.എ പറഞ്ഞു.

ഭൂമി ഏറ്റെടുത്ത ശേഷം നഷ്ടപരിഹാരം നൽകാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാവുകയും നിരവധിപേർ കടക്കെണിയിൽ ആവുകയും ഒരു സ്ത്രീ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ ലാൻഡ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോൺ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.എം.എസ് രാജശ്രീക്ക് കൈമാറി. ആകെ 184 കോടി രൂപയാണ് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത്. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും.

ഇതിനു പുറമെ വീടുകളുടെയും മറ്റ് ചമയങ്ങളുടെയും വില പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിരക്കിലും ലഭ്യമാകും. മരങ്ങളുടെ വില റബർ ബോർഡ്, വനം, കൃഷി വകുപ്പുകൾ അംഗീകരിച്ച നിരക്കിൽ ലഭിക്കും.

ചൊവ്വല്ലൂർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേണുക, പഞ്ചായത്തംഗം ചന്ദ്രബാബു, സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എസ് അയ്യൂബ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഐ. സജു, ഡോ. ജമുന ബി.എസ്, സ്‌പെഷൽ തഹസിൽദാർ പ്രേംലാൽ തുടങ്ങിയവരും പങ്കെടുത്തു.

സാങ്കേതിക സർവകലാശാല

അഞ്ചു കാറ്റഗറിയായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്. എ കാറ്റഗറിയിൽ 4.65 ലക്ഷവും ബിയിൽ 4.22 ലക്ഷവും സിയിൽ 3.38 ഡിയിൽ 2.74 ലക്ഷവും ഇയിൽ 1.06 ലക്ഷവും നൽകും. വീട് നഷ്ടപ്പെടുന്നവർക്ക് അധികമായി 4.60 ലക്ഷവും വീടും കാലിത്തൊഴുത്തും നഷ്ടപ്പെടുന്നവർക്ക് 5.10 ലക്ഷവും ലഭിക്കും. 2015ൽ പ്രവർത്തനം ആരംഭിച്ച എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നിലവിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. 2017ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി, ഐ.ബി. സതീഷ് എം.എൽ.എ, വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സാങ്കേതിക സർവകലാശാലക്കായി പുതിയ കാമ്പസ് വിളപ്പിൽശാലയിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ഇതിനായി 100 ഏക്കറിലധികം ഭൂമി കണ്ടെത്തി, 2018 ഡിസംബർ 24ന് ഭരണാനുമതിയും നൽകി. 2020 ഫെബ്രുവരിയിൽ സർക്കാർ ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് സാമൂഹികാഘാത പഠനം പൂർത്തിയാക്കി. 100 ഏക്കർ വസ്തുവിന് 350 കോടി രൂപ വേണ്ടിവരുമെന്ന് കണക്കാക്കി. വസ്തുക്കളെ അഞ്ച് വിഭാഗമായി തിരിച്ച് വസ്തുവിന്റെ വില, അതിന്റെ സൊലേഷ്യം, മരങ്ങളുടെ വില, കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില, കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം എന്നിവയുൾപ്പെടെയാണ് നഷ്ടപരിഹാരം കണക്കാക്കിയത്.

സാങ്കേതിക സർവകലാശാല ആസ്ഥാന നിർമാണത്തിന്റെ ഒന്നാം ഘട്ടത്തിന് വേണ്ടി 405 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ കൂടെ ചേർത്ത് ആകെ 1000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2021 ആഗസ്റ്റ് 11ന് ധനമന്ത്രി, റവന്യൂ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, വൈസ് ചാൻസലർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ ഉന്നതതല യോഗത്തിൽ ആദ്യഘട്ടമായി 50 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തീരുമാനമുണ്ടായി. 2021 ഫെബ്രുവരി 16 ന് സർക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സർവകലാശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ റെക്കോഡ് വേഗത്തിലാണ് പൂർത്തിയാകുന്നത്.

Tags:    
News Summary - Technical University: Land transfer process begins; 184 crore has been allotted for 50 acres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.