തിരുവനന്തപുരം: സീരിയൽ- സിനിമ നടന് ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഇതിനിടെ, ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായുളള സംശയം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. താമസിച്ച മുറിയില്‍ നിന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശ്ശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് വാൻറോസ് ജങ്ഷനിലുള്ള ഹോട്ടലില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു.
സീരിയലിന്റെ ഷൂട്ടിങ്ങിനായി നാലുദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മിക്കവാറും ദിവസങ്ങളിൽ പ്രഭാതഭക്ഷണം കഴിക്കാനായി എത്തുമായിരുന്നു. രണ്ട് ദിവസമായി കാണാത്തതിനെതുടര്ന്നും മുറിയില്‍നിന്ന് ദുര്ഗന്ധമുണ്ടായതിനാലും ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി മുറി തുറന്നപ്പോള്‍ ദിലീപ് ശങ്കര്‍ കട്ടിലിന് സമീപത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ദുരൂഹതയില്ലെന്നും വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ തെളിവെടുത്തു.
സീരിയലിലെ സഹ അഭിനേതാക്കള്‍ ദിലീപിനെ രണ്ടുദിവസം മുമ്പ് ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ദിലീപിന് കരള്‍ രോഗം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിൽ. ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ജീവൻ മശായ് എന്നീ സിനിമകളിലും അമ്മ അറിയാതെ, പഞ്ചാഗ്നി, ഏതോ ജന്മകൽപനയില് എന്നീ സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സുമ. മക്കൾ: ദേവ, ധ്രുവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.