തിരുവനന്തപുരം: വേനൽച്ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 100.16 ദശലക്ഷം യൂനിറ്റിലെത്തി. കഴിഞ്ഞ വർഷം മാർച്ച് 19ലെ 102.99 ദശലക്ഷം യൂനിറ്റായിരുന്നു സർവകാല റെക്കാർഡ്. വിവിധ ജില്ലകളിൽ വേനൽച്ചൂട് ഉയരുന്നതിനാൽ വരുംദിവസങ്ങളിൽ ഉപഭോഗം കൂടാനിടയുണ്ട്. തിങ്കളാഴ്ച പീക്ക് സമയ ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് തിങ്കളാഴ്ച മറികടന്നത്. ഈ രീതിയിൽ ഉപയോഗം വർധിച്ചാൽ ഇപ്പോൾ ലഭ്യമായ വൈദ്യുതി തികയാതെ വരുകയും അധിക വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങി കമ്മി നികത്തേണ്ടിയും വരും. എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. വേനൽക്കാല ആവശ്യകത മുന്നിൽ കണ്ട് മറ്റു സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചുകൊടുക്കൽ വ്യവസ്ഥയിൽ (ബാങ്കിങ്) വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നു. ഈ വൈദ്യുതി ലഭിച്ചാലും ഉപഭോഗം പ്രതീക്ഷിച്ചതിലും അപ്പുറം കടന്നാൽ പ്രതിസന്ധി രൂക്ഷമാവും. ഏപ്രിൽ, മേയ് മാസങ്ങളിൽ 1200 മെഗാവാട്ടിന് മുകളിൽ വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ് നേരത്തേ കെ.എസ്.ഇ.ബി കണക്കാക്കിയിരുന്നത്.
നിലവിൽ രാത്രി 10ന് ശേഷം ട്രാൻസ്ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ട്. എ.സി ഉപയോഗം വലിയതോതിൽ വർധിച്ചതും ലോഡ് കൂടാൻ കാരണമായി. ലോഡ് കൂടുന്നതിനാൽ ഫ്യൂസ് പോവുന്നതും ലൈൻ വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാൻ കഴിയുന്നില്ല. രാത്രിയിൽ എ.സി, ഫാൻ എന്നിവ നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെങ്കിലും വൈദ്യുതി കൂടുതൽ വേണ്ടിവരുന്ന മറ്റ് ഉപകരണങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ അഭ്യർഥന. അതേസമയം, പുനഃസ്ഥാപിച്ച നാല് ദീർഘകാല കരാറുകൾവഴിയുള്ള വൈദ്യുതി ലഭിക്കാൻ സാധ്യത മങ്ങിയതും ഹ്രസ്വകാല കരാറുകൾ വഴിയുള്ള വൈദ്യുതി വാങ്ങൽ ചെലവേറിയതും കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.