കോഴിക്കോട്: നവകേരള ബസ് പുതുക്കി പണിത് വീണ്ടും സർവീസ് തുടങ്ങിയപ്പോൾ ആദ്യ യാത്ര 'ഹൗസ്ഫുൾ'. കോഴിക്കോടുനിന്നും ബംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്ന് നിറയെ ആളുകളുമായി സർവീസ് ആരംഭിച്ചത്. പുതുക്കിയ സമയം അനുസരിച്ച് രാവിലെ 8.25നാണ് കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
ബസിൽ 11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്തു മാത്രമാണ് ഡോർ ഉണ്ടാവുക. ശൗചാലയം ബസ്സിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപയായിരുന്നു ടിക്കറ്റ് ചാർജ്. നിലവിൽ ബംഗുളൂരു-കോഴിക്കോട് യാത്രക്ക് ഈടാക്കുന്നത് 930 രൂപയാണ്.
നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേരളം മുഴുവൻ സഞ്ചരിക്കാനാണ് ഒരുകോടിയിലേറെ രൂപ ചെലവിൽ ആഡംബര ബസ് വാങ്ങിയത്. നവകേരളയാത്രക്ക് ശേഷം ഏറെ വിവാദങ്ങൾക്ക് പിന്നാലെയാണ് ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. 26 പുഷ്ബാക്ക് സീറ്റുകളോടെ അത്യാധുനികമായി സജീകരിച്ച ബസിന് തുടക്കത്തിൽ വലിയ ഡിമാൻഡ് ആയിരുന്നെങ്കിലും ഉയർന്ന നിരക്ക് പിന്നീട് വിനയായി. ബംഗളൂരുവിലേക്കുള്ള സ്ഥിരം യാത്രക്കാർ മറ്റു സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ ആളില്ലാത്ത അവസ്ഥയിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.