കൊച്ചി: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അക്രമം.
എറണാകുളം മഹാരാജാസ് കോളജിൽ പെൺകുട്ടിയുൾപ്പെടെ 10 കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായെത്തി കെ.എസ്.യു നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. പരിക്കേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിലും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ധീരജ് കൊല്ലപ്പെട്ട വാർത്തയറിഞ്ഞതിനുപിന്നാലെ കോളജിൽ പ്രതിഷേധ പ്രകടനം നടത്തിയശേഷം, ''നിങ്ങൾ എസ്.എഫ്.ഐക്കാരെ കൊല്ലുമല്ലേടാ'' എന്നുചോദിച്ച് ഒരുസംഘം എസ്.എഫ്.ഐ പ്രവർത്തകർ പാഞ്ഞെത്തി മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. അമൽ ടോണി, നിയാസ് തുടങ്ങിയവരുടെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അമലിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തടയാൻ ശ്രമിച്ച അധ്യാപികയെയും ആക്രമിച്ചു.
പട്ടികക്കഷണങ്ങൾ, കമ്പിവടി, ഇഷ്ടിക തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരെക്കൂടാതെ പുറത്തുനിന്നുള്ള നിരവധി പേരുമുണ്ടായിരുന്നുവെന്ന് പരിക്കേറ്റ ഹരികൃഷ്ണൻ പറഞ്ഞു. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്ക് സമീപം കോൺഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മലപ്പുറം ടൗൺ ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച മേഖല കൺവെൻഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനവുമായെത്തിയതോടെയാണ് സംഭവവികാസങ്ങൾക്ക് തുടക്കം. നഗരത്തിൽ ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഘർഷാവസ്ഥ പൊലീസിന്റെയും മുതിർന്ന നേതാക്കളുടെയും ഇടപെടലിലാണ് അവസാനിച്ചത്. ധീരജ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം. കുന്നുമ്മലിൽ ടൗൺ ഹാളിന് മുന്നിലെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിക്കുകയായിരുന്നു. ഈ സമയം ഹാളിനകത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു.
ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടാകുകയായിരുന്നു. ഇരുപക്ഷത്തുനിന്നും നേതാക്കൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ ഉയരുകയും ചെയ്തു. ഇതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് പരിപാടിയുടെ ഫ്ലക്സും കൊടികളും നശിപ്പിച്ചു. സംഘർഷം രൂക്ഷമായതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസും കോൺഗ്രസ് പ്രവർത്തകരെ നേതാക്കളും പിന്തിരിപ്പിക്കുകയായിരുന്നു.
ചവറ: ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ കാര്‍ തടഞ്ഞു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനവുമായി പോകുകയായിരുന്നു. ഈ സമയം കൊല്ലത്തുനിന്ന് തട്ടാശ്ശേരിക്ക് സമീപത്തെ കെ.എം.എം.എല്‍ യു.ടി.യു.സി ഓഫിസിലേക്ക് വരികയായിരുന്ന എം.പിയുടെ കാര്‍ നല്ലേഴ്ത്ത് മുക്കില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ വളഞ്ഞു.
പൊലീസ് പെട്ടെന്ന് സ്ഥലത്തെത്തി പ്രകടനക്കാരെ പറഞ്ഞുവിടുകയായിരുന്നു. പ്രവര്‍ത്തകര്‍ കാറിന്റെ ഗ്ലാസ് കേടുവരുത്തിയതായി യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍, പ്രകടനം കടന്നുവരുന്നത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ പ്രകടനക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റിയതിനാല് തങ്ങള്‍ തടയുകയായിരുന്നെന്ന് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐക്കാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.