തിരുവനന്തപുരം: സംഭാഷണ പ്രിയൻ, സൽക്കാര പ്രിയൻ, സംഘാടനപാടവത്തിൽ അദ്വിതീയൻ, ഗ്രൂപ്പിസം കൊടികുത്തിയകാലത്തും അതിനതീതമായി വ്യക്തിബന്ധങ്ങൾക്ക് വിലകൽപിച്ച നേതാവ്, എന്നീനിലകളിൽ ടി.എച്ച്. മുസ്തഫ കോൺഗ്രസുകാർക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു.
യുവനേതാക്കൾക്ക് എന്നും താങ്ങും തണലുമായിരുന്നു. ഗ്രൂപ്പിസകാലഘട്ടത്തിൽ ‘ലീഡർ’ കെ. കരുണാകരനുവേണ്ടി എന്തു ത്യാഗത്തിനും മുന്നിൽ നിന്നയാൾ. എപ്പോഴും കരുണാകരന്റെ വലംകൈയായിരുന്ന മുസ്തഫയെ ഇടക്കാലത്ത് ആര്യാടൻ മുഹമ്മദ് എ ഗ്രൂപ്പിലേക്ക് കൊണ്ടുവന്നെങ്കിലും കരുണാകരൻ അദ്ദേഹത്തെ കൈയൊഴിഞ്ഞില്ലെന്നത് മുസ്തഫയുടെ ദൃഢബന്ധങ്ങൾക്ക് ഉദാഹരണമായേ കാണാനാകൂ.
എ ഗ്രൂപ്പിൽ നിൽക്കെയാണ്, കരുണാകരൻ, മുസ്തഫയെ മന്ത്രിസഭയിൽ എടുത്തത്. യുവനേതാക്കൾക്ക് താങ്ങും തണലുമായിരുന്നു മുസ്തഫയെന്ന് മുതിർന്ന നേതാക്കൾ അനുസ്മരിക്കാറുണ്ട്. വിദ്യാർഥി സംഘടനയിലും യുവജന സംഘടനയിലും പ്രവർത്തിക്കെ, ്എറണാകുളം ജില്ലയിലാണെങ്കിൽ പണത്തിനോ ആഹാരത്തിനോ ബദ്ധിമുട്ടു തോന്നിയാൽ ഒാടിയെത്തുന്നത്, മുസ്തഫയുടെ വ്യാപാരസ്ഥാപനത്തിൽ ആയിരിക്കും.
അദ്ദേഹം അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവർ ആഗ്രഹിക്കുന്നത് അവിടെനിന്ന് കിട്ടിയിരിക്കും. ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മുതിർന്ന നേതാക്കൾക്കുപോലും മുസ്തഫയുടെ ഒൗദാര്യം അനുഭവിച്ച ഒരു സംഭവമെങ്കിലും പറയാനുണ്ടാകും. ജി. കാർത്തികേയനും രമേശ് െചന്നിത്തലയും പന്തളം സുധാകരനുമൊക്കെ ആവിധ അനുഭവങ്ങൾ വിവരിക്കുന്നത് കേട്ടിട്ടുണ്ട്.
1960കളിലെ കോൺഗ്രസ് പിളർപ്പുമുതലാണ്, മുസ്തഫ സംസ്ഥാനതലത്തിൽ താരമായി അറിയപ്പെടുന്നത്. അക്കാലത്ത് അദ്ദേഹം സേവാദൾ പ്രവർത്തകനായിരുന്നു. ടി.ഒ. ബാവയാണ് കെ.പി.സി.സി പ്രസിഡൻറ്. പ്രസിഡൻറ് അടക്കം സംഘടനാ കോൺഗ്രസിലേക്ക് മാറിയെങ്കിലും എറണാകുളത്തെ കെ.പി.സി.സി ഓഫിസ് മുസ്തഫയുടെ മിടുക്കുകൊണ്ട്മാത്രം ഇന്ദിരാ വിഭാഗത്തിന്റെ കൈയിലായി. മുസ്തഫയുടെ നേതൃത്വത്തിൽ നടന്ന ആ പിടിച്ചെടുക്കൽ വലിയ സംഭവമായി.
അന്നുമുതൽ കെ. കരുണാകരന്റെ കണ്ണിലുണ്ണിയായി. എക്കാലത്തും ഇന്ദിര ഗാന്ധിയോട് കൂറുപുലർത്തിയിരുന്ന അദ്ദേഹം എന്നും പാർട്ടിക്കുവേണ്ടി പണവും അധ്വാനവുംചെലവഴിച്ചിേട്ടയുള്ളൂ. പാർട്ടിക്കാർക്ക് പണവും ഭക്ഷണവും നൽകിയിേട്ടയുള്ളൂ. ഒന്നും പാർട്ടിയിൽനിന്നും ഉണ്ടാക്കിയിട്ടില്ല.
ഭക്ഷ്യമന്ത്രിയായിരിക്കെയാണ്, കുപ്രസിദ്ധമായ പാമോയിൽ കുംഭകോണം നടക്കുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനെ നഷ്ടത്തിൽനിന്നും കരകയറ്റാനെന്ന പേരിൽ വന്ന ഫയൽ അദ്ദേഹം പാസാക്കിവിടുകയായിരുന്നു. അതിനു പിന്നിലെ അഴിമതി ഉദ്ദേശ്യം അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതിനാലാകാം, ആ കേസിൽ കരുണാകരൻ അടക്കമുള്ളവർ പെട്ടിട്ടും മുസ്തഫ പരിക്കേൽക്കാതെ നിലനിന്നത്.
സ്ഥിരോത്സാഹിയായിരുന്നു, അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ, പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ കാര്യക്ഷമമാക്കിയകാര്യം എ.കെ. ആൻറണിയടക്കമുള്ളവർ പറയാറുണ്ട്.
ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും തിരുവനന്തപുരത്ത് കെ.പി.സി.സി ഒാഫിസിൽ ഭാരവാഹികൾ ഉണ്ടായിരിക്കണമെന്ന വാശി അദ്ദേഹത്തിനുണ്ടായിരുന്നു. സ്ഥൂലശരീരിയാണെങ്കിലും ചടുലതയ്ക്ക് പര്യായമായിരുന്നു. ഭാരവാഹിയായിരിക്കെ കഴിവതും അദ്ദേഹം ഒാഫിസിൽ ഉണ്ടാകുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.