കണ്ണൂർ: ജില്ല സ്കൂൾ കായിക മേള ഞായറാഴ്ച്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ. ക്രൈസ്തവർ വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച തന്നെ കായികമേള നടത്താനുള്ള തീരുമാനം ക്രൈസ്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കൗൺസിൽ അറിയിച്ചു.
മതബോധനമടക്കമുള്ള ക്ലാസുകളെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ല. ഒക്ടോബർ എട്ട് ഞായറാഴ്ച നടത്തുമെന്നറിയിച്ച കായികമേള മറ്റൊരു ദിവസത്തിലേക്ക് മാറ്റണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്ത്‌കുന്നേൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, എ.കെ.സി.സി ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ എന്നിവർ ആവശ്യപ്പെട്ടു.
അതേസമയം, ശനിയാഴ്ച അധ്യാപകരുടെ ക്ലസ്റ്റർ യോഗമുള്ളതിനാലാണ് മേള ഞായറാഴ്ചയിലേക്ക് നീണ്ടതെന്നും വിഷയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്താമെന്നും സംഘാടകർ അറിയിച്ചു.
ഒക്ടോബർ അഞ്ച്, ആറ്, എട്ട് ദിവസങ്ങളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സ്കൂൾ കായിക മേള നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.