ഒടുവിൽ തലശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. ഇപ്പോഴിതാ പാലത്തിെൻറ പിതൃത്വം ഏറ്റെടുത്ത് വിവിധ കക്ഷികൾ രംഗത്തെത്തുകയാണ്. എന്നാൽ, നാട്ടുകാർക്ക് പറയാനുള്ളത് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് അനുഭവിച്ച ദുരിതങ്ങളുടെ തീരാ കഥയാണ്. ആനുകൂല്യം ലഭിക്കാതെ തങ്ങളുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാത്തതിനെ തുടർന്നുള്ള കണ്ണീനുഭവങ്ങൾ ഏറെയാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഭരണപക്ഷവും പ്രതിപക്ഷവുമെന്നില്ലാതെ അവകാശ വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
വടകര പാർലമെൻറ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പ്രഫുൽ കൃഷ്ണണൻ ഇതിനകം തന്നെ ബൈപ്പാസിലൂടെ പ്രചാരണ ജാഥ നടത്തി കഴിഞ്ഞു. വൈകാതെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും പ്രചാരണത്തിനായി ബൈപ്പാസിലെത്തും. ഇൗ സാഹചര്യത്തിൽ നാട്ടുകാർ പറയുന്നത് ചരിത്രം അറിയണമെന്നാണ്... നാടിെൻറ സ്വപ്‌ന പദ്ധതി പൂർത്തിയായ ഘട്ടത്തിലും അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് ഭൂമി വിട്ടുനൽകിയവർ നഷ്ടപരിഹാര തുക ലഭിക്കുന്നത് സംബന്ധിച്ച് കോടതിയിൽ തർക്ക വിഷയത്തിലാണ്.
ചരിത്രമിങ്ങനെ:
1977-ൽ ആലോചന തുടങ്ങിയ അഴിയൂർ -മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡ് എന്ന ആശയത്തിൽ തുടങ്ങി തലശേരി-മാഹി ബൈപ്പാസ് റോഡായ പദ്ധതി ഇന്ന് യാഥാർത്ഥ്യമായി. ജനവാസ കേന്ദ്രങ്ങളിലൂടെ ഭൂമി അളന്ന് സ്ഥലം തിട്ടപെടുത്തുമ്പോൾ വലിയ പ്രതിക്ഷേധങ്ങളും എതിർപ്പുകളും നേരിട്ടിരുന്നു. അന്ന് കേന്ദ്രവും കേരളവും ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുളള സർക്കാറായിരുന്നു. സ്ഥലനിർണയം നടത്തി 41 വർഷത്തിന് ശേഷമാണ് ഭൂമി ഏറ്റെടുത്തത്. അത്രയും കാലം വീടുകളും സ്ഥലങ്ങളും മരവിച്ച് നിൽക്കുകയായിരുന്നു. കൈമാറാനോ, വില്പന നടത്താനോ പുതുക്കി പണിയാനോ അനുമതി ഇല്ലായിരുന്നു. വസ്‌തുകൾ പണയപ്പെടുത്തി വായ്‌പ വാങ്ങാൻ കഴിയാതെ നരകയാതനകൾ അനുഭവിച്ചിട്ടുണ്ട് പ്രദേശത്തെ ജനങ്ങൾ. താമസിക്കുന്ന വീടുകളുടെ തറയിലും മുറ്റത്തും മുളച്ചുപൊങ്ങിയ ചെടികൾ വളർന്ന് പന്തലിച്ച് വൻ മരങ്ങളായി മാറിയിരുന്നു ചിലയിടങ്ങളിൽ.
ഭാർഗവീ നിലയം പോലെ മരവിച്ച ഭൂമിയിൽ താമസിച്ചിരുന്ന പല യുവതീയുവാക്കളുടെ കല്ല്യാണം പോലും മുടങ്ങി. ഇതോടെ, ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുതരില്ല എന്ന നിലപാടുമായി 18.6കിലോമീറ്റർ പദ്ധതി പ്രദേശത്ത് വിവിധ ഇടങ്ങളിലായി ശക്തമായ കർമ്മസമിതികൾ പിറന്നു. ഇതിനിടെ, ഭൂഉടമകൾ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിച്ചത് കാലതാമസത്തിന് ഇടയാക്കി. 1856ലെ ബ്രിട്ടിഷു കാരുടെ കാലത്തുളള നിയമ നടപടി ക്രമങ്ങൾ വെച്ചാണ് ഭൂമിഏറ്റെടുക്കൽ നടത്തിയത് തുച്ഛമായ നഷ്ടപരിഹാരം കൊണ്ട് ഭൂമി വിട്ടുതരില്ല എന്ന വാദം ശക്തമായി.
2011ൽ വി.എസ്. അച്ചുതാനന്തൻ സർക്കാരാണ് പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം പരിഗണിച്ചത് .തുടർന്ന് 2015ൽ എൻ.ഡി.എ. സർക്കാർ ദേശീയപാത സ്ഥലമേറ്റെടുക്കലിന് നഷ്ടപരിഹാരം കൊടുക്കുന്നതിന് നിയമം പരിഷ്കരിച്ചു. ഹൈകോടതിയിൽ കേസ് നിലനിൽക്കേ പോണ്ടിച്ചേരി സർക്കാരും കേരളത്തിൽ ഉമ്മൻചാണ്ടി സർക്കാരും ഭൂമി ഉടമകളുമായി അനുരജ്ഞന ശ്രമങ്ങൾ നടത്തിയിരുന്നു .
1977ൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോൾ കേന്ദത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുളള ജനതാ സർക്കാറും കേരളത്തിൽ കെ. കരുണാകരെൻറ നേതൃത്വത്തിൽ ഉളള സർക്കാറും ആയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുത്ത് പ്രവർത്തി തുടങ്ങുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ.സർക്കാറും കേരളത്തിൽ പിണറായി വിജയെൻറ നേതൃത്വത്തിലുളള സർക്കാറുമായി.
തലശ്ശേരി: നിറഞ്ഞൊഴുകിയ ജനത്തെ സാക്ഷിയാക്കി തലശ്ശേരി-മാഹി ബൈപാസ് നാടിന് സമര്‍പ്പിച്ചു. നാലര പതിറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പാണ് സ്വപ്നപാത യാഥാർഥ്യമായതോടെ വിരാമമായത്. ഉദ്ഘാടനം കഴിഞ്ഞതോടെ ബൈപാസ് വഴി കൂടുതൽ വാഹനങ്ങൾ ഓടിത്തുടങ്ങി. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരങ്ങളാണ് ബൈപാസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചോനാടത്ത് ഒരുക്കിയ സദസ്സിലേക്ക് തിങ്കളാഴ്ച രാവിലെ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെയും നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി ഡബിള്‍ ഡെക്കര്‍ ബസിൽ ബൈപാസ് റോഡിലൂടെ സവാരി നടത്തി. ചോനാടത്തുനിന്ന് ആരംഭിച്ച് ബൈപാസ് അവസാനിക്കുന്ന മുഴപ്പിലങ്ങാടെത്തി തിരിച്ചുമായിരുന്നു അവരുടെ യാത്ര. വിവിധ കലാപരിപാടികളോടെയാണ് ചടങ്ങിന് തുടക്കമായത്.കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് അഴിയൂര്‍വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണ് ബൈപാസ്. ധര്‍മടം, തലശ്ശേരി, എരഞ്ഞോളി, തിരുവങ്ങാട്, കോടിയേരി, ചൊക്ലി, മാഹി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. 1516 കോടി രൂപയിലേറെ ചെലവിട്ടാണ് ബൈപാസിന്റെ നിര്‍മാണം. പാലയാടുനിന്ന് തുടങ്ങി തലശ്ശേരി നിട്ടൂർ ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂരില്‍ റെയില്‍വേ മേല്‍പാലം, നാലു വലിയ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, അഞ്ചു സ്മോള്‍ വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, ഒരു വലിയ ഓവര്‍പാസ് എന്നിവ തലശ്ശേരി- മാഹി ബൈപാസില്‍ ഉള്‍പ്പെടുന്നു.
ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.കെ. രവി (ധര്‍മടം), എം.പി. ശ്രീഷ (എരഞ്ഞോളി) വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.