പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽനിന്ന് പുറപ്പെട്ടു. ശരണം വിളികൾ മുഴങ്ങി ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ ശനിയാഴ്ച രാവിലെ ഏഴോടെയാണ് തിരുവിതാംകൂർ മഹാരാജാവ് നടക്കുവെച്ച തങ്ക അങ്കിയും വഹിച്ചുള്ള രഥയാത്രക്ക് തുടക്കമായത്. കലക്ടർ എ. ഷിബു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ.എ. അജികുമാർ, ദേവസ്വം സെക്രട്ടറി ജി. ബൈജു, ദേവസ്വം കമീഷണർ സി.എൻ. രാമൻ, ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലായിരുന്നു വിശ്രമം. ഞായറാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും തിങ്കളാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലും രാത്രി വിശ്രമിക്കുന്ന ഘോഷയാത്ര 26ന് ഉച്ചയോടെ പമ്പയിലെത്തും. അവിടെ വിശ്രമിച്ചശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകീട്ട് 5.30ന് ശരംകുത്തിയിൽ എത്തും. ഔദ്യോഗിക സ്വീകരണത്തിന് ശേഷം 6.15ന് തങ്ക അങ്കി അയ്യപ്പ സന്നിധിയിൽ എത്തിക്കും. 6.30ന് തങ്കഅങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 27ന് രാവിലെ 10.30നും 11.30നും മധ്യേയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.