തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് നന്ദിയറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിത കുടുംബങ്ങൾക്ക് 100 വീടുകൾ നിർമിക്കാനുള്ള കർണാടക സർക്കാറിന്‍റെ വാഗ്ദാനത്തിന് അതിയായ നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി, നിർദിഷ്ട ടൗൺഷിപ്പിന്‍റെ വിശദാംശങ്ങൾ എത്രയുംവേഗം കർണാടക സർക്കാറിനെ അറിയിക്കാമെന്നും കത്തിൽ വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ലഭിച്ച നിരവധി സഹായ നിർദേശങ്ങളെ ഏകോപിപ്പിച്ച്, സമഗ്രവും സുതാര്യവുമായ സ്പോൺസർഷിപ് ഫ്രെയിംവർക്ക് തയാറാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഈ സമഗ്രപുനരധിവാസ പദ്ധതിയിൽ കർണാടക സർക്കാറിന്റേതുൾപ്പെടെ ഉദാരമായ എല്ലാ വാഗ്ദാനങ്ങളും സംയോജിപ്പിക്കും. പ്ലാനിന്‍റെ പുരോഗതി തത്സമയം ട്രാക്ക് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസമൊരുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
അതേസമയം, നഷ്ടപ്പെട്ട പഴയ വീടുകളോടുള്ള മാനസികബന്ധം നിലനിർത്തുന്നതിനായി, പുതിയ പുനരധിവാസ കേന്ദ്രങ്ങൾ മുൻവാസസ്ഥലത്തിന് പരമാവധി സമീപത്തായിരിക്കും തെരഞ്ഞെടുക്കുക. ഇതിനായി വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദമായതും ദുരന്തനിരോധന ശേഷിയുള്ളതുമായ ടൗൺഷിപ്പുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇക്കാര്യങ്ങൾ അറിയിക്കാമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
100 വീടുകൾ വെച്ചുനൽകാമെന്ന് കർണാടക അറിയിച്ചിരുന്നെന്നും എന്നാൽ, കേരള സർക്കാറിന്‍റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.