ഒരിക്കലും പാടില്ലാത്ത പരാമർശമായിരുന്നു അത്; വിവാദം തിരിച്ചറിവുകൾക്ക് വഴിവെച്ചെന്ന് ജോയ്സ് ജോർജ്

തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരെ താൻ നടത്തിയ പരാമർശം തന്നെപ്പോലൊരാളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് മുൻ എം.പി ജോയ്സ് ജോർജ്. അനുചിതമാണെന്ന് ബോധ്യമായപ്പോൾതന്നെ നിരുപാധികം പിൻവലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തിരിച്ചറിവുകൾക്ക് ഈ വിവാദം സഹായിച്ചു. എന്നാൽ, അനുചിതമായ പരാമർശം തന്‍റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്‍റെ പേരിൽ വൃദ്ധയായ മാതാവിനെയും ഭാര്യയെയും സഹോദരിമാരെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ജോയ്സ് ജോർജ് പറഞ്ഞു.

പൊതുവേദിയിൽ മാത്രമല്ല സ്വകാര്യ സംഭാഷണത്തിലും പുലർത്തേണ്ട ജാഗ്രതയും സമീപനവും സംബന്ധിച്ച തിരിച്ചറിവുകൾക്ക് ഈ വിവാദം സഹായിച്ചു.

തന്‍റെ ഭാര്യയും അമ്മയും സഹോദരിമാരും സ്ത്രീകൾ എന്ന നിലയിൽ ലഭിക്കേണ്ട പരിരക്ഷക്ക് അർഹരല്ലാതാവുന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിലെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലെ കമന്‍റുകൾ ഒന്നും നീക്കം ചെയ്തിട്ടില്ല. കോൺഗ്രസ് നേതാക്കന്മാർ തുടങ്ങി പ്രവർത്തകർ വരെയുള്ളവർ അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ മാതാവിന്‍റെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും ചില സന്ദേശങ്ങൾ വരുന്നുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും തന്‍റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും ജോയ്സ് ജോർജ് പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ ഗൗരവമുള്ള രാഷ്ട്രീയം ചർച്ചചെയ്യേണ്ട രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ മുൻ ദേശീയ അധ്യക്ഷന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അലംഭാവത്തെ സംബന്ധിച്ചുള്ള വിമർശനമായിരുന്നു താൻ ഉദ്ദേശിച്ചത്. രാജ്യത്തിന്‍റെ മതനിരപേക്ഷതയും സാമൂഹിക ഘടകങ്ങളും സാമ്പത്തിക അടിത്തറയും ഇല്ലാതാക്കുന്ന മോദി ഗവൺമെന്‍റിന്‍റെ നിലപാടുകളെ സംബന്ധിച്ച് സംസാരിക്കാൻ വിമുഖത കാണിക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിലെ രാഷ്ട്രീയ അപക്വത ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതാണെന്നാണ് തന്‍റെ നിലപാടെന്നും ജോയ്സ് ജോർജ് പറഞ്ഞു. 

Tags:    
News Summary - that should never have been made; Joice George says the controversy led to identities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.