കൊല്ലം: രണ്ട് വർഷം മുമ്പ് അഞ്ചൽ ഏരൂരിൽ നിന്ന് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തൽ. കൊല്ലം ഭാരതിപുരം സ്വദേശി ഷാജി പീറ്ററുടെ തിരോധാനമാണ് കൊലപാതമെന്ന് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ സഹോദരൻ സാജൻ പീറ്റർ, ഭാര്യ ആര്യ, സാജന്‍റെ അമ്മ പൊന്നമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർ പരാതി ഉന്നയിക്കാത്ത സംഭവത്തിൽ പൊലീസ് ആളെ കാണാനില്ലെന്ന കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ് ഷാജി കൊല്ലപ്പെട്ടതാണെന്ന വിവരം പുറത്തറിഞ്ഞത്. ഷാജിയെ കാണാതായതല്ലെന്നും മരിച്ചതാണെന്നും വീടിനോട് ചേർന്നുള്ള കിണറിന് സമീപത്തെ കുഴിയിലാണ് മൃതദേഹം മറവുചെയ്തതെന്നുമായിരുന്നു സന്ദേശം. അമ്മയും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് ഇന്നലെ തന്നെ ഏരൂർ പൊലീസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തുകയും അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഏരൂർ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ പത്തനംതിട്ട പൊലീസിന് ലഭിച്ച വിവരം ശരിയാണെന്നാണ് കണ്ടെത്തൽ.
തിങ്കളാഴ്ച പത്തനംതിട്ട ഡിവൈ.എസ്.പി ഒാഫിസിൽ മദ്യലഹരിയിൽ എത്തിയ ആളാണ് കൊലപാതക വിവരം പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ, മദ്യലഹരിയിലായിരുന്ന ആളെ ആദ്യം പൊലീസ് അവഗണിച്ചെങ്കിലും പിന്നീട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇയാളിൽ നിന്ന് വിവരം ശേഖരിക്കുകയായിരുന്നു.
താൻ മരിച്ചിട്ടും തന്‍റെ ബന്ധുക്കളാരും പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് ഷാജി സ്വപ്നത്തിൽ വന്ന് പറഞ്ഞുവെന്നാണ് വിവരം കൈമാറിയ ആൾ പറയുന്നത്. തുടർന്ന് വിവരം പറയാൻ മദ്യപിച്ച ശേഷം പത്തനംതിട്ട ഡിവൈ.എസ്.പി ഒാഫീസിൽ എത്തുകയായിരുന്നു. ഒരിക്കൽ ഏരൂരിലെ വീട്ടിലെത്തിയപ്പോൾ ഷാജിയും സഹോദരനും തമ്മിലുള്ള തർക്കം നേരിൽ കേട്ടെന്നും ഇത്രയും കാലം രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.
രണ്ട് വർഷം മുമ്പ് വാക്കുതർക്കത്തിനിടെ സഹോദരൻ ഷാജിയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. ഷാജിയെ തലക്കടിച്ച് കൊന്നശേഷം കിണറിന് സമീപം കുഴിച്ചുമൂടുകയായിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിന് ഏരൂർ പൊലീസ് കേസ് എടുത്തു. ബുധനാഴ്ച ഫോറൻസിക് സംഘത്തെ അടക്കം എത്തിച്ച് മൃതദേഹം കുഴിച്ചിട്ടതെന്ന് പറയപ്പെടുന്ന കിണറിന് സമീപം തെരച്ചിൽ നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പുനലൂർ ഡിവൈ.എസ്.പിയുെട നേതൃത്വത്തിൽ അമ്മയുടെയും സഹോദരന്‍റെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.