കോട്ടയം: താഴത്തങ്ങാടിയിൽ കൊലപാതകം നടന്ന വീട്ടിൽനിന്ന് മോഷണം പോയ കാർ കടന്നുപോകുന്നതിെൻറ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽനിന്ന് ലഭിച്ചു. തിങ്കളാഴ്ച രാവിലെ 10.44നാണ് മോഷ്ടിക്കപ്പെട്ട കെ.എൽ 05 വൈ 1820 ചുവന്ന വാഗൺ ആർ കാർ റോഡിലൂെട പോയത്. നാലുവീടുകൾക്ക് അപ്പുറത്ത് താമസിക്കുന്ന റോയിയുടെ വീട്ടിലെ സി.സി.ടി.വിയിലാണ് ദൃശ്യം പതിഞ്ഞത്. ഒരാൾ മാത്രമാണ് കാറിനുള്ളിലുള്ളത്.
ദമ്പതികൾ ആക്രമണത്തിനിരയായത് രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെ മീൻ വാങ്ങാൻ പുറത്തിറങ്ങിയത് അയൽവീട്ടുകാർ കണ്ടിരുന്നു. എന്നാൽ, മെയിൻ റോഡിൽ കയറിയ കാർ കുമരകം ഭാഗത്തേക്കാണോ കോട്ടയം ഭാഗത്തേക്കാണോ തിരിഞ്ഞതെന്ന് വ്യക്തമല്ല. കുമരകം ഭാഗത്ത് ഈ കാർ കണ്ടതായി ചിലർ അറിയിച്ചിട്ടുണ്ട്. ഇതുവഴി എറണാകുളത്തേക്ക് കടന്നിട്ടു ണ്ടാകുമെന്നാണ് കരുതുന്നത്.
കാറിെൻറ നമ്പർ മറ്റ് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നൽകി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സൈബർ സെൽ ഈ പരിധിയിലെ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. അയൽവീടുകളിലുള്ളവരുടെ മൊഴിയെടുത്തു. ആക്രമണശേഷം പ്രതി വീട്ടിനുള്ളിൽ എന്തോ തിരഞ്ഞ് സമയം ചെലവഴിച്ചതായാണ് കരുതുന്നത്. നിരവധി വീടുകളുള്ള പ്രദേശമാണിത്. സാലിയുടെ വീടിെൻറ ഇടതുവശത്ത് തൊട്ടടുത്തുതന്നെ മറ്റൊരു വീടുണ്ട്. രണ്ട് വയോധികർ മാത്രമാണ് ഇവിടെയുള്ളത്. സാലിയുടെ വീട്ടിൽനിന്ന് അസ്വാഭാവികമായി ഒന്നും കേട്ടില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാർ, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ഡിവൈ.എസ്.പി പി.ആർ. ശ്രീകുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കാറിനെക്കുറിച്ച വിവരം ലഭിക്കുന്നവര്‍ സമീപെത്ത പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണം. ഡിവൈ.എസ്.പി കോട്ടയം -9497990050. എസ്.എച്ച്.ഒ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ -9497987072, കോട്ടയം വെസ്റ്റ് െപാലീസ് സ്റ്റേഷൻ -0481 2567210.
‘ജിൽ’ ഓട്ടം അവസാനിപ്പിച്ചത് അറുപുഴ പാലത്തിനടുത്ത്
കൊലപാതകം നടന്ന വീട്ടിൽനിന്ന് പൊലീസ് നായ് ‘ജിൽ’ ഓടിയെത്തിയത് അറുപുഴ പാലത്തിനടുത്ത്. പാലത്തിന് സമീപത്ത് മണത്തുനടന്നശേഷം ഓട്ടം അവസാനിപ്പിച്ചു. വീടിെൻറ അകത്തുനിന്ന് മണം പിടിച്ച് പുറത്തിറങ്ങിയ നായ് മുറ്റത്തുകിടന്ന ചോരപുരണ്ട ഗ്ലൗസിന് സമീപം ചുറ്റിത്തിരിഞ്ഞശേഷമാണ് റോഡിലേക്കിറങ്ങിയത്. കുമരകം റോഡിൽ കയറി കോട്ടയം ഭാഗത്തേക്ക് ഓടി അരകിലോമീറ്റർ പിന്നിട്ട് അറുപുഴ പാലത്തിനടുത്ത് എത്തി നിന്നു. ഇവിടെനിന്ന് തെളിവുകളൊന്നും ലഭിച്ചില്ല. വീട്ടിൽനിന്ന് ലഭിച്ച ഗ്ലൗസ് അഗ്നിരക്ഷാസേനയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
കമ്പികൊണ്ട് തലക്കടിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാറപ്പാടം ഷാനി മൻസിലിൽ ഷീബ സാലിയെ കെട്ടിയിട്ടശേഷം കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിെൻറ പ്രാഥമിക റിപ്പോർട്ട്. തലക്ക് ഏറ്റ മാരക അടിയാണ് മരണകാരണമെന്നും ശരീരത്തിെൻറ മറ്റുഭാഗങ്ങളിൽ മരണം സംഭവിക്കാവുന്ന പരിക്കില്ലെന്നും ഫോറൻസിക് വിഭാഗം ഡോക്ടർമാർ പറഞ്ഞു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചു. വൈദ്യുതാഘാതം ഏറ്റിട്ടുണ്ടോയെന്ന് ഈ പരിശോധനയിേല വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.