സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്‍റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. ഡി.സി.സി ട്രഷററുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് പൊലീസിന്‍റെ നടപടി.
ആത്മഹത്യകേസിനൊപ്പം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളാണ് പൊലീസ് അന്വേഷിക്കുക. തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട് എൻ.എം. വിജയന്‍റെ കുടുംബത്തിന്‍റെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, ശനിയാഴ്ച പുറത്തുവന്ന ഉടമ്പടി രേഖയിൽ പേരുള്ള പീറ്റർ ജോർജിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉടമ്പടി രേഖയിലെ രണ്ടാം കക്ഷിയായ പീറ്റർ ജോർജ് ആണ് പണം നൽകിയെന്ന് പറയുന്നത്.
അതേസമയം, സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിലെ പണമിടപാടാണ് എൻ.എം. വിജയന്‍റെയും മകന്റെയും ആത്മഹത്യക്ക് കാരണമായതെന്ന ആരോപണമാണ് സി.പി.എം ഏരിയ കമ്മിറ്റി ഉയർത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന ആവശ്യമാണ് സി.പി.എം മുന്നോട്ടുവെക്കുന്നത്. ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എം.എൽ.എ ഓഫിസിലേക്ക് സി.പി.എം നാളെ മാർച്ച് നടത്തും.
അതേസമയം, തന്‍റെ കൈകൾ ശുദ്ധമാണെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്നും ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെ കുറിച്ചും എൻ.എം. വിജയന്‍റെ ആത്മഹത്യയിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും എം.എൽ.എ വ്യക്തമാക്കി.
ആരോപണത്തിൽ അന്വേഷണം നടത്താൻ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനും വ്യക്തമാക്കി. സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള ഒന്നും വിജയൻ പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു വിഷയം ഉണ്ടാകാൻ ഇടയില്ല. അർബൻ ബാങ്ക് നിയമനത്തട്ടിപ്പ് ആരോപണം നേരത്തേതന്നെ ഉയർന്നതാണെന്നും കെ.പി.സി.സി അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതാണെന്നും അപ്പച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.