വാടാനപ്പള്ളി (തൃശൂർ): വിദ്യാർഥിയെ 26 ദിവസം കഴിഞ്ഞിട്ടും കണ്ടെത്തിയില്ല. ചേറ്റുവ രണ്ടാം വാർഡിൽ കിഴക്ക് ഭാഗം താമസിക്കുന്ന ചാണാശ്ശേരി സനോജിെൻറ മകൻ അമൽ കൃഷ്ണയെ (17 ) കഴിഞ്ഞ മാസം 18ന് രാവിലെ 11.30 മുതലാണ് കാണാതായത്. രാവിലെ അമ്മയേയും കൂട്ടി വാടാനപ്പള്ളി ബാങ്കിൽ പോയതായിരുന്നു.
കോവിഡ് മാനദണ്ഡം കാരണം മകനെ പുറത്ത് നിർത്തി അമ്മ അകത്ത് കയറി. ഇടപാടുകൾ കഴിഞ്ഞ് പുറത്ത് വന്നപ്പോൾ കുട്ടിയെ കണ്ടില്ല. കാണാതാവുമ്പോൾ വെള്ളയിൽ വരയുള്ള ടീഷർട്ടും നീല ജീൻസുമാണ് ധരിച്ചിരുന്നത്. ഒരു മാസമായിട്ടും മകനെ കണ്ടെത്താത്തതിനാൽ കുടുംബാംഗങ്ങൾ വിഷമത്തിലാണ്. വിദ്യാർഥി ഓൺലൈൻ ഗെയിം കളിച്ച് കടം വരുത്തിയിരുന്നു.
മാതാവിന്റെ മൊബൈൽ ഫോണുമായാണ് അമൽ കൃഷ്ണയെ കാണാതായത്. ഫോൺ ഓഫ് ചെയ്തതിനാലാണ് സൈബർ സെൽ മുഖേന കുട്ടിയെ കണ്ടെത്താൻ പ്രയാസപ്പെടുന്നത്. കഴിഞ്ഞ ദിവസവും സൈബർ സെൽ മുഖേന പൊലീസ് അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും ലഭിച്ചില്ല. പാവറട്ടി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ വാടാനപ്പള്ളി സി.ഐ. ടി.കെ ജോസിയാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.