തിരുവനന്തപുരം: സാമൂഹിക വിമർശനത്തിന്‍റെ ചാട്ടവാറടിയാണ് എസ്. കൃഷ്ണനുണ്ണിയുടെ ചാക്യാർകൂത്ത്. ഗിന്നസ് റെക്കോർഡിന് ആയിരക്കണക്കിന് കുട്ടികളെയെത്തിച്ച് നൃത്തം ചെയ്യിച്ച വേദിക്ക് സുരക്ഷയൊരുക്കാതെ ഉമ തോമസ് എം.എൽ.എ താഴ്ചയിലേക്ക് വീണ് ഗുരുതരാവസ്ഥയിലായത്, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭക്ഷണത്തിന്‍റെ പേരിൽ നടക്കുന്ന കൊലയും കൊലവിളിയും, എതിരാളികളെ തെരഞ്ഞെടുപ്പിന്‍റെ തൊട്ടുതലേന്നാൾ കൂടെ കൂട്ടി വോട്ടു പിടിക്കുന്ന പൊള്ളയായ രാഷ്ടീയം അടക്കമുള്ള സമീപകാല സംഭവങ്ങളാണ് പാഞ്ചാലി സ്വയംവര കഥ പറഞ്ഞ് പത്തനംതിട്ട കിടങ്ങൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിലെ കൃഷ്ണനുണ്ണി ചാക്യാർ വിമർശനമായി ഉന്നയിച്ചത്.
1996 ലെ കോട്ടയം കലോത്സവത്തിൽ ചാക്യാർകൂത്ത്, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനം നേടി കൃഷ്ണനുണ്ണിയുടെ പിതാവ് ഡോ. ജി.കെ. ശ്രീഹരി അന്ന് കലാപ്രതിഭയായിരുന്നു. പിതാവിന്‍റെ അന്നത്തെ ഗുരുവായിരുന്ന പൈങ്കുളം നാരായണ ചാക്യാരാണ് മൂന്നു പതിറ്റാണ്ടിനിപ്പുറം മകൻ കൃഷ്ണനുണ്ണിക്കും മുദ്രകൾ പകർന്നു നൽകിയത് എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ തവണത്തെ പോലെ എ ഗ്രേഡോടെയാണ് കൃഷ്ണനുണ്ണിയുടെ ഇത്തവണത്തെയും വിജയം. മതാവ് ഡോ വി. അശ്വതിയും നർത്തകിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.