തിരുവനന്തപുരം: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വർഷം കഠിനതടവും 25,000 രൂപ പിഴയും. വട്ടിയൂർക്കാവ് നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം കൃഷ്ണഭവനിൽ ലാൽ പ്രകാശിനെയാണ് (29) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം അധികതടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ വ്യക്തമാക്കി.
പിഴത്തുക ഇരക്ക് നൽകാനും ഉത്തരവിലുണ്ട്. 2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതിയുടെ കൂട്ടുകാരന്‍റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെവെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചല്ല.
വീട്ടുകാർ കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽനിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു. തുടർന്ന് പേട്ട പൊലീസും വീട്ടുകാരും ചേർന്ന് ഈ വീട്ടിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ എം. മുബീന, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും 19 തൊണ്ടിമുതലുകളും ഹാജരാക്കി. പേട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന എസ്. അരുൺകുമാർ, എ. അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.