തിരുവനന്തപുരം: 2023 ലെ അധ്യയനവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം. 2013ൽ യു.ഡി.എഫ് സർക്കാരാണ് അവസാനമായി സ്കൂൾ പാഠപുസ്തകം പരിഷ്കരിച്ചത്. മൂന്ന് ഘട്ടമായാണ് പരിഷ്കരണം പൂർത്തിയാക്കിയത്. 2016ലാണ് അവസാനഘട്ട പുസ്തകങ്ങൾ വിദ്യാർഥികളിലെത്തിയത്. ഇത്തവണയും രണ്ടോ മൂന്നോ ഘട്ടമായാകും പരിഷ്കരണം. ആദ്യഘട്ടത്തിൽ ഒന്ന് മുതൽ ഇടവിട്ടുള്ള പ്രൈമറി ക്ലാസുകളിലെയും തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് ക്ലാസുകളിലെയും പുസ്തകങ്ങൾ പരിഷ്കരിക്കും.
മുഖ്യമേൽനോട്ട ചുമതല കരിക്കുലം കോർ കമ്മിറ്റിക്കായിരിക്കും. ഊന്നൽ നൽകേണ്ട 25 വിഷയ മേഖലകൾക്കായി വെവ്വേറെ ഗ്രൂപ് രൂപവത്കരിക്കും. ഓരോ വിഷയമേഖലയുമായി ബന്ധപ്പെട്ട് ഏങ്ങനെയായിരിക്കണം പഠനം, രീതിശാസ്ത്രം, സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ പഠനമേഖലകൾ തുടങ്ങിയവ സംബന്ധിച്ച് ഓരോ ഫോക്കസ് ഗ്രൂപ്പും കോർ കമ്മിറ്റിക്ക് പൊസിഷൻ പേപ്പർ സമർപ്പിക്കണം. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂട് രൂപപ്പെടുത്തുക. പൊതുസമൂഹത്തിലും വിവിധ മേഖലകളിലുള്ളവരുമായും ചർച്ച നടത്തി ആശയരൂപവത്കരണവും നടത്തും.
ഓരോ വിഷയത്തിനും ഉപസമിതി രൂപവത്കരിച്ച് വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാലകളും ചർച്ചകളും നടത്തിയായിരിക്കും പാഠപുസ്തക രചനയിലേക്ക് പ്രവേശിക്കുക. കരട് പാഠപുസ്തകങ്ങൾ കോർ കമ്മിറ്റി അംഗീകാരത്തിനുശേഷം പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരത്തിന് സമർപ്പിക്കും.
മഹാമാരികൾ, പ്രകൃതി ദുരന്തങ്ങൾ, ലിംഗ സമത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണ്. കഴിഞ്ഞ സർക്കാർ കാലത്ത് പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദം ഭയന്ന് മാറ്റിവെക്കുകയായിരുന്നു.
ഒമ്പത് വർഷത്തിനിടെ വിജ്ഞാന, സാങ്കേതികവിദ്യ മേഖലകളിൽ ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാതെയാണ് സ്കൂൾ അധ്യയനം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.